Sunday, April 11, 2010

ഞാന്‍

റിട്ടയര്‍ ചെയ്യാന്‍ ഇനി രണ്ടു വര്‍ഷം മാത്രം.കോലായിലെ ചാരുപടിമേലിരുന്നു കുട്ടികളുടെ ഉത്തരക്കടലാസ് നോക്കുമ്പോള്‍ അവരോര്‍ത്തു.ഇക്കാലത്തിനിടയില്‍ ഒരുപാട് മാറ്റങ്ങള്‍ വന്നിരിക്കുന്നു.നര,ചുളിവുകള്‍,ശരീരത്തിന്റെ തന്നെ ഭാഗമായി മാറിയ കണ്ണട.സംസാരത്തിലും ചിരിയിലുമുള്ള കൃത്രിമത്വം.ഇതിനിടയില്‍ അലിഞ്ഞലിഞ്ഞില്ലാതായിപ്പോയ 'ഞാന്‍'.മലയാളം അധ്യാപികയാണ്.വര്‍ഷങ്ങളോളം ഒരേ പാഠപുസ്തകം പഠിപ്പിച്ചു വൃത്തവും അലങ്കാരവും അരച്ച് കലക്കിക്കൊടുത്തു.ഈയിടെ പുസ്തകങ്ങള്‍ മാറി.പഠിപ്പിക്കുന്ന രീതി മാറി;കുട്ടികളും മാറി.വീട്ടിലാണെങ്കില്‍ മക്കള്‍ വളര്‍ന്നു..അവരുടെ കല്യാണം കഴിഞ്ഞു.കുട്ടികളായി..വീണ്ടും താനും ഭര്‍ത്താവും മാത്രം.മനസ്സ് മരവിച്ചു പോയിരിക്കുന്നു.പുതിയ കാര്യങ്ങള്‍ ആലോചിക്കാന്‍ മടിയാണ്.പഴമയിലിരുന്നു പുതുമയെ ആട്ടിയോടിച്ചുകൊണ്ടിരിക്കുന്നു മനസ്സ്. മാറ്റങ്ങളെ ഭയമാണ്.എന്തിനു വിവാഹത്തിന് മുമ്പുള്ള തന്നെ കുറിച്ചാലോചിക്കാന്‍ പോലും പേടിയാണ്.

                 'ബാലാമണി' ..തന്റെ കലാലയത്തിന്റെ ചുവരുകളില്‍ ഇടം പിടിച്ച പേരായിരുന്നു അത്.കോളേജ് ഇലക്ഷന് സ്ഥാനാര്‍ഥിയായിരുന്നു.കവിതകളെഴുതുന്ന,കഥയെഴുതുന്ന ,ഒരുപാട് വായിച്ചിരുന്ന..ഒരുപാട് സ്വപ്നം കാണുന്ന ഒരു കുട്ടി..  .അഞ്ചു വര്‍ഷത്തെ കോളേജ് ജീവതം..ചോര തിളയ്ക്കുന്ന പ്രായം..വിപ്ലവം..ഒരേ  വേവ് ലെങ്ങ്തിലുള്ള  ഒട്ടനവധി സുഹൃത്തുക്കള്‍.ക്ലാസ്സ്‌ കട്ട്‌ ചെയ്തു പുഴക്കരയില്‍ വെച്ചുള്ള സൌഹൃദക്കൂട്ടായ്മകള്‍..എന്തും ആരുടേയും മുഖത്ത് നോക്കി വെട്ടിത്തുറന്നു പറയുമായിരുന്നു അന്നത്തെ ബാലാമണി.ഒരു നായര്‍ കുടുംബത്തിലെ പല യാഥാസ്ഥിതിക നിയമങ്ങള്‍ക്കും അന്ത്യം കുറിക്കാന്‍ കാരണക്കാരിയായവള്‍.ഒരു പെണ്മുഖം കാണാത്ത ഉമ്മറം അവളുടെ മുഖം കണ്ടു.ആര്‍ത്തവസമയത്തെ  തൊട്ടുകൂടായ്മയുടെ നിയമങ്ങള്‍ ഓരോന്നായി അവള്‍ ധിക്കരിച്ചു.മാറ്റങ്ങള്‍ ഒരുപാടുണ്ടായി.അതിന്റെ ഭാഗമായി തന്റെ അമ്മമ്മ തന്നെ വിളക്കു തൊടുന്നതില്‍ നിന്നും വിലക്കിയ കാര്യവും അവളോര്‍ത്തു.

        വിവാഹപ്രായമായപ്പോള്‍ സ്വാഭാവികമായും കുറെ ആലോചനകള്‍ വന്നു.അങ്ങനെ ചന്ദ്രനുമായുള്ള വിവാഹം ഉറപ്പിച്ചു.പോലിസിലാണ് ജോലി.നായര്‍ കുടുംബം.ജാതകവും ചേരും.കൂടുതലെന്താണാലോചിക്കാനുള്ളത്..?കല്യാണം കഴിഞ്ഞു.ആദ്യത്തെ വീഴ്ച.ദാമ്പത്യ ജീവിതത്തിനു ഒഴിച്ച് കൂടാനാവാത്തതാണല്ലോ വിട്ടുവീഴ്ചകള്‍..പുതിയ ശീലങ്ങള്‍..പുതിയ പെരുമാറ്റം..അവര്‍ക്കിടയില്‍ ഒറ്റ അഭിപ്രായം മാത്രമേ ഉള്ളൂ..അത് മിക്കപ്പോഴും അയാളുടെതായി.പരാതികളില്ല..ജോലി കിട്ടിയപ്പോഴും അന്നത്തെ രീതിയനുസരിച്ച് ശമ്പളം അയാള്‍ക്ക് സമര്‍പ്പിച്ചു..വീട്ടിലേക്കു പോകാന്‍ ലീവ് ചോദിച്ചാല്‍ ചിലപ്പോള്‍ അനുവദിച്ചു കിട്ടിയേക്കും.സ്കൂളില്‍ ഒരുദ്യോഗം.വീട്ടില്‍ വേറൊരുദ്യോഗം.അത് അവളുടെ കടമയായിരുന്നു..അയാള്‍ ചെയ്യുന്നത് മിക്കവാറും സഹായവും.വീട്ടുസാധനങ്ങള്‍ വാങ്ങിക്കുക,ഭാര്യയെ സ്കൂളില്‍ കൊണ്ടുചെന്നാക്കുക തുടങ്ങിയ കാര്യങ്ങള്‍ അയാളും ചെയ്തുപോന്നു.പുറമേ സമൂഹത്തിന്റെ മുന്നില്‍ മാതൃകാ ദമ്പതികള്‍.മക്കളുടെ കല്യാണം കൂടി കഴിഞ്ഞപ്പോള്‍ നിശബ്ദതയാണ് അവരുടെ ഇടയില്‍.രണ്ടു ലോകങ്ങളില്‍ ജീവിക്കുന്ന രണ്ടു മനുഷ്യര്‍.ഒരിക്കലും കൂട്ടിമുട്ടാത്ത രണ്ടു സമാന്തരരേഖകള്‍.അവരുടെ അനിയത്തിയുടെ ഭാഷയില്‍ പറഞ്ഞാല്‍ ഒരു 'അവാര്‍ഡ്‌ ഫിലിം'.


എന്തിനാണ് ഇപ്പൊ പഴയതൊക്കെ ചിക്കിച്ചികയുന്നത്‌?അപ്പുറത്തെ വീട്ടില്‍ താമസിക്കാന്‍ വന്ന കുട്ടി..അവളുടെ സംസാരം എന്തോ തന്നെ തന്നെ ഓര്‍മ്മിപ്പിക്കുന്നു.തന്റെ അധ:പതനം."ഇതൊക്കെ ഞാനും കുറെ കണ്ടതാ മോളെ..ഇതിലും വല്യ കാര്യങ്ങള്‍..എന്നിട്ടിപ്പോ എന്തായി..?" എന്ന് പറഞ്ഞു നിരുത്സാഹപ്പെടുത്തുമ്പോഴും   അവസാനം അവള്‍ പറഞ്ഞത് അംഗീകരിക്കേണ്ടി വന്നു.ഒന്ന് മാത്രമേ പറയാന്‍ കഴിഞ്ഞുള്ളു..ഒരിക്കലും തന്നെ പോലെ ആവരുതെന്ന്.ഒരര്‍ത്ഥത്തില്‍ താന്‍ സ്വയം വഞ്ചിക്കുകയായിരുന്നു..അഥവാ അത്മഹത്യ..ജീവിക്കാന്‍ വേണ്ടി സ്വയം ചതിച്ചപ്പോള്‍ താന്‍ അന്നേ മരിച്ചു പോയി എന്നറിഞ്ഞില്ല.അല്ലെങ്കിലും തന്റെ മനസ്സിന്റെ സ്ഥാനത്ത് എന്നേ അയാളുടെ മനസ്സ് കുടിയേറിയിരിക്കുന്നു..ചുരുങ്ങിയ കാലം..എല്ലാവരെയും തൃപ്തിപ്പെടുത്തി മറ്റുള്ളവരുടെ ചട്ടക്കൂടുകളില്‍ തന്നെ തന്നെ ഒതുക്കി ജീവിച്ചു.."ഇനിയെന്നാണ് ഞാന്‍ ഞാനായി ജീവിക്കുക?"..ജീവിതത്തിന്റെ ഉത്തരക്കടലാസ്സു നോക്കുമ്പോ തനിക്കു കിട്ടുന്ന മാര്‍ക്ക്‌ എത്രയോ കുറവാണ്.. !

17 comments:

  1. ഹായ് ....
    മെഴുകുതിരി കത്തുമ്പോള്‍ അതിനറിയാം .. താന്‍ അല്പനേരത്തിനുള്ളില്‍ ഉരുകി ഇല്ലാതാകും എന്ന് .. എന്നിട്ടും അത് മതിയാകുവോളം വെളിച്ചം തരുന്നില്ലേ പരാതികളൊന്നും ഇല്ലാതെ...
    ഇങ്ങനെ സ്വയം മെഴുകുതിരികളായ ജിവിതങ്ങള്‍ ഒരുപാടുണ്ട് ചുറ്റിനും ...
    ഇനിയും എഴുതുക ... കഴിയുമെങ്കില്‍ കുറച്ചുകൂടി വലുതാക്കുക കഥയുടെ ശരിരം ....
    സ്നേഹപൂര്‍വ്വം....
    ദിപ് ........

    ReplyDelete
  2. നന്നായിട്ടുണ്ട്.

    ReplyDelete
  3. കൊള്ളാം ആശംസകള്‍....

    ReplyDelete
  4. കല്യാണം കഴിഞ്ഞു.ആദ്യത്തെ വീഴ്ച.ദാമ്പത്യ ജീവിതത്തിനു ഒഴിച്ച് കൂടാനാവാത്തതാണല്ലോ വിട്ടുവീഴ്ചകള്‍..

    ആരാ പറഞെ അതൊരു വീഴ്ചയാണെന്നു.
    പലരും ഉയർന്നതു തന്നെ അതു വഴിയാ :)
    പക്ഷെ വീഴ്ച പറ്റിയ ഒരുപാടു ആൺകിട്ടികളെ എനിക്കറിയാം. :)

    ReplyDelete
  5. ജീവിതത്തിന്‍റെ ഉത്തരക്കടലാസില്‍ എല്ലാവര്ക്കും ഫുള്‍ മാര്‍ക്ക്‌ കിട്ടണം എന്നില്ലലോ, ..

    ReplyDelete
  6. കൊള്ളാം നന്നായിരിക്കുന്നു....
    തുടര്ന്നും എഴുതുക,
    ചങ്ങാതിക്കെന്റെ ആശംസകള്.
    സ്നേഹത്തോടെ.

    ReplyDelete
  7. template, blog, articles എല്ലാം കൊള്ളാം.
    ആശംസകള്‍.

    ReplyDelete
  8. പരസ്പരം മനസിലാക്കാതെ, അംഗീകരിക്കാതെയുള്ള ജീവിതം തീര്‍ച്ചയായും മരണത്തിനു തുല്യം തന്നെയാണ്..

    ReplyDelete
  9. പഴയത് പുതുക്കിയും, പുതുത് പഴകിയും ജീവിതമങ്ങനെ മുന്നേറും. സത്യത്തിൽ ജീവിതത്തിൽ എന്താണു പുതുത്. എന്താണ് പഴയത്.
    സ്ത്രീയുടെ എജീവിതത്തിന് ഒരു മാറ്റവുമില്ലാതെ തുടരുകയല്ലേ.മുഖങ്ങളും രൂപങ്ങളും മാത്രം മാറുന്നു.

    ചിന്തകളിലും കഥയുടെ ക്രാഫ്റ്റിലും കാലത്തിനനുസരിച്ചുള്ള മാറ്റങ്ങൾ വരുത്താം കേട്ടോ.

    ReplyDelete
  10. This comment has been removed by the author.

    ReplyDelete
  11. ആശംസകള്‍ .തുടരൂ‍..

    ReplyDelete
  12. Jeevitha Vijayam...!

    manoharm, Ashamsakal...!!!

    ReplyDelete
  13. നന്നായിരിയ്ക്കുന്നു..ഇതൊരു വെറും വാക്കല്ല...നല്ല വാചകങ്ങള്‍,ശൈലി...തുടരൂ..ആശംസകള്‍ :)

    ReplyDelete
  14. ഈ ചിതറിയ ചിന്തകള്‍ കൊള്ളാം ....

    ReplyDelete
  15. ഒരു പാവം കഥ. കുഞ്ഞിക്കഥ.
    അതിന്റെ ലാളിത്യം.

    ReplyDelete