Saturday, May 2, 2009
മടക്കയാത്ര
ഇന്നു അവള്‍ വരും...അമ്മു...ടിവിയുടെയും ഇന്ടര്നെറ്റിന്ടെയുമ് മുന്നില്‍ എരിഞ്ഞടങ്ങുന്ന ദിവസങ്ങളില്‍ക്കിടയില്‍ അവളുടെ വരവ് ഒരാശ്വാസം തന്നെയാണ്. അവളുടെ കൊച്ചു കൊച്ചു കുസൃതികളും ചെറിയ വായില്‍ വലിയ വര്ത്താനവും കേള്‍ക്കാന്‍ നല്ല രസമാണ്. എന്റെ ഏറ്റവും ഇളയ അനിയത്തി. ഒന്നാം ക്ലാസ്സിലാണെന്കിലും വലിയ ആള്‍ക്കാര്‍ പറയുന്നതു പോലെയാണവള്‍ പറയുക. ഞങ്ങളുടെ ഇടയില്‍ അവളുടെ പേരു "റേഡിയോ മാംഗോ " എന്നാണ്. എന്ത് കാര്യം പറഞ്ഞാലും അവള്‍ അത് ഉറക്കെ വിളിച്ചു പറയും. പിന്നെ "നാട്ടിലെങ്ങും പാട്ടായ്". പ്രത്യേകിച്ചും ആരോടും പറയരുത് എന്ന് പറയുന്ന കാര്യങ്ങള്‍. അതുകൊണ്ട് തന്നെ അവളുടെ മുമ്പില്‍ വച്ചു ആരും ഒന്നും പറയാറില്ല.
അവള്‍ക്കേറ്റവും ഇഷ്ടപ്പെട്ട കല അഭിനയമാണ്. അതിന് വേണ്ടി അവള്‍ ഞങ്ങളെ കൂട്ടുപിടിക്കാറുണ്ട്. ഒരു ദിവസം അവള്‍ എന്റെ അനിയനോട് പറഞ്ഞു, എനിക്ക് വിഷം തരാന്‍. അവന്‍ എനിക്ക് വിഷം തന്നു. എന്നിട്ട് അവള്‍ എന്നോട് മരിക്കാന്‍ പറഞ്ഞു. ഞാന്‍ മരിച്ചു. പിന്നെ അവള്‍ പോലീസ് ആയി. അവനെ ഒരുപാടു ഇടിച്ചു, ചോദ്യം ചെയ്തു.."സത്യം പറ..നീയല്ലേടാ അവളെ കൊന്നത്...?". എത്ര ചോദിച്ചിട്ടും അവന്‍ സമ്മതിച്ചില്ല. ഒടുവില്‍ നിവൃത്തിയില്ലാതെ അവള്‍ എന്റെ അടുത്ത് വന്നു ചോദിച്ചു.."സത്യം പറ..നിന്നെ ആരാ കൊന്നത്...?"..പിന്നെ വേറൊരു ദിവസം അവള്‍ എന്നോട് വില്ലന്‍ ആവാന്‍ പറഞ്ഞു.ഞാന്‍ വില്ലന്‍ ആയി അവളെ പിടിച്ചു വലിച്ചു കൊണ്ടുപോയി. അപ്പോള്‍ അവള്‍ എന്റെ അനിയനെ നോക്കി ഉറക്കെ വിളിച്ചു പറഞ്ഞു.."അപ്പു ഏട്ടാ...എന്നെ രക്ഷിക്കൂ....."
പക്ഷെ ഇതൊന്നുമല്ല എന്നെ ഏറ്റവും അധികം ചിരിപ്പിച്ചത്. കഴിഞ്ഞ പ്രാവശ്യം വന്നപ്പോള്‍ അവള്‍ എന്നോട് ഒരു രഹസ്യം പറഞ്ഞു.."എന്റെ ക്ലാസ്സിലെ ഒരു കുട്ടിക്ക് എന്നെ വലിയ ഇഷ്ടമാണ്..എപ്പോഴും എന്നെ തന്നെ നോക്കിക്കൊണ്ടിരിക്കും.." ഞാന്‍ ചിരിച്ചു..അപ്പോള്‍ അവള്‍ വീണ്ടും സ്വകാര്യമായി പറഞ്ഞു "അച്ഛനോടും അമ്മയോടും പറയല്ലേ...അച്ഛന്‍ അറിഞ്ഞാല്‍ എന്നെ കൊല്ലും.." അപ്പോള്‍ അത് ഞാന്‍ സമ്മതിച്ചെങ്കിലും പിന്നീട് പലതവണ ഞാന്‍ അത് ദുരുപയോഗം ചെയ്തു. അവള്‍ ഉപദ്രവിക്കുമ്പോഴെല്ലാം ഇതു പറയും എന്ന് പറഞ്ഞു ഞാന്‍ ഭീഷണിപ്പെടുത്തും. പക്ഷെ ശരിക്കും എനിക്കവളോട് അസൂയ ആണ്. എല്ലാ തരത്തിലും ഉള്ള നിഷ്കളങ്കതയുടെ പ്രായം. ആരെയും പേടിക്കേണ്ട. ഇഷ്ടമുള്ളതിനെ ഇഷ്ടപ്പെടാനും ഇഷ്ടമില്ലാത്തതിനെ ഇഷ്ടപ്പെടാതിരിക്കാനും ഉള്ള അവളുടെ സ്വാതന്ത്ര്യം. വലിയവരുടെ വലിയ ശരികള്‍ക്കിടയില്‍ സ്വന്തം ശരികളെ മൂടിവയ്ക്കേണ്ടി വരുമ്പോള്‍ വീണ്ടും ആ പ്രായത്തിലേക്ക് പോകാന്‍ തോന്നുന്നു..നിഷ്കളങ്കതയുടെ ആ നല്ല പ്രായത്തിലേക്ക്...
Subscribe to:
Posts (Atom)