Monday, November 16, 2009

പുതിയ ബന്ധു

കോളേജ് ജീവിതം..അതിലുപരി ഹോസ്റ്റല്‍ ജീവിതം ഓര്‍മ്മകളിലിന്നും ഒരു വസന്തകാലമാണ്‌...ഇന്ന് അത് തരുന്നത് കൊച്ചു നൊമ്പരങ്ങളും..ഒച്ചപ്പാടുകളും ചെറിയ കുസൃതികളും തമാശകളും പിണക്കങ്ങളും പൊട്ടിത്തെറികളും രാത്രികാലങ്ങളിലെ നീണ്ട സംഭാഷണങ്ങളും വല്ലപ്പോഴും ഉള്ള സിനിമ കാണലും ഒക്കെ ഇന്നും മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നു..ജീവിതത്തിലെ ഏറ്റവും മനോഹരമായ ഒരു കാലഘട്ടമാണ് കൊഴിഞ്ഞു പോയതെന്ന് തോന്നുന്നു...പുതിയ സൌഹൃദങ്ങള്‍ പുതിയ ബന്ധങ്ങള്‍..ചിലത് നമ്മുടെ കൂടെ ജീവിതകാലം മുഴുവന്‍ കാണും..ചിലത് വന്നും പോയും കൊണ്ടിരിക്കും...മനസ്സില്‍ അവരുടെ കയ്യൊപ്പും പതിപ്പിച്ചു പോകുന്ന നിറമുള്ള ഓര്‍മ്മകളായി ജീവിതകാലം മുഴുവന്‍ നമ്മോടൊപ്പം കാണും..


കോളേജ് ജീവിതത്തിനിടയിലെ ഒരു ചെറിയ സംഭവം...കോളെജോ കൂട്ടുകാരോ ഒന്നുമല്ല പക്ഷെ ഇതിലെ പ്രധാന കഥാപാത്രം എന്ന് മാത്രം..പതിവുപോലെ ഒരു വെള്ളിയാഴ്ച ഉച്ചക്ക് ശേഷം ഞാനും എന്റെ കൂട്ടുകാരും ക്ലാസ്സ്‌ കട്ട്‌ ചെയ്തു സിനിമയ്ക്കു പോകാന്‍ തീരുമാനിച്ചു ...ഞങ്ങള്‍ അഞ്ചാറു പേരുണ്ടായിരുന്നു.തലശ്ശെരിയിലേക്കുള്ള ബസ്സില്‍ കയറി.. തിരക്ക് കുറഞ്ഞ ആ ബസ്സില്‍ ഞാനിരുന്നത് വയസ്സായ ഒരു സ്ത്രീയുടെ അടുത്താണ്.ശ്രദ്ധയില്ലാതെ ധരിച്ചിരിക്കുന്ന വേഷ്ടിയും മുണ്ടും..അലസമായി മാടിയോതുക്കിയ മുടി.മെലിഞ്ഞ ശരീരം.നെറ്റിയില്‍ ചന്ദനക്കുറി.ഏകദേശം എന്റെ അമ്മമ്മയെ പോലെയിരിക്കും.അതുകൊണ്ട് തന്നെ എനിക്കവരെ അങ്ങനെ വിളിക്കാനാനിഷ്ടം,,അവരുടെ രൂപമല്ല എന്നെ അങ്ങനെ വിളിക്കാന്‍ പ്രേരിപ്പിക്കുന്നത് എന്നത് മറ്റൊരു സത്യം..കാല്‍ മണിക്കൂര്‍ കൊണ്ട് അഗാധമായ ഒരു മാനസിക ബന്ധം ഞങ്ങള്‍ തമ്മില്‍ ഉടലെടുത്തു.

പതിവുപോലെ ഒരു സമയം ചോദിക്കലിലൂടെയാണ് ഞങ്ങള്‍ പരിചയപ്പെടുന്നത്.പിന്നെ അവര്‍ മെല്ലെ സംസാരിച്ചു തുടങ്ങി.."എടിയാ പടിക്കിന്നെ..?"."ഇവിടുള്ള എഞ്ചിനീയറിംഗ് കോളേജില്‍ "..അടുത്ത ചോദ്യം.. "ദിവസോം പോയി വരലാ...?."."അല്ല..ഹോസ്ടലിലാ . . "ഇപ്പൊ എങ്ങോട്ടാ...?"..അവരുടെ ചുണ്ടില്‍ നിന്നും ഒരുപാട് ചോദ്യങ്ങള്‍ ഉതിര്‍ന്നു വീണു.."ഇപ്പൊ പ്രോജെക്ടിന്റെ ആവശ്യത്തിനു ചില സാധനങ്ങള്‍ വാങ്ങാന്‍ പോകുന്നു "..ഒരു കൊച്ചു നുണയുടെ മറവില്‍ ഞാന്‍ ഒരു മര്യാദക്കാരിയായി..എങ്കിലും ഇത്ര നന്നായി എന്റെ സ്വകാര്യ വിവരങ്ങള്‍ അന്വേഷിക്കുന്ന അവരോടു എനിക്ക് ഇത്തിരി ദേഷ്യം തോന്നാതിരുന്നില്ല.."മോളെ കണ്ടാലറിയാം ഒരു പാവാനെന്ന്..അതുകൊണ്ട് പറയ്യാ...ചീത്ത കൂട്ടുകെട്ടുകളിലോന്നും ചെന്ന് ചാടരുത്.." അവര്‍ തുടര്‍ന്നു..ഇത് ഒരു പുതിയ കാര്യമല്ല..എന്നോട് പലരും പറഞ്ഞിട്ടുള്ളതാണ് എന്നെക്കണ്ടാല്‍ ഒരു പാവമാണെന്ന് തോന്നുമെന്ന്.എങ്കിലും അവരുടെ ഉപദേശത്തെ ഒരു ചെറുപുഞ്ചിരിയോടെ ഞാന്‍ സ്വീകരിച്ചു.പിന്നീടങ്ങോട്ട് ഉപദേശങ്ങളുടെ ഒരു പെരുമഴ തന്നെയായിരുന്നു..."നന്നായി പഠിക്കണം..നല്ലോണം ഭക്ഷണം കഴിക്കണം..എന്നാലല്ലേ പഠിക്കാന്‍ പറ്റൂ.." എല്ലാറ്റിനും ഞാന്‍ തലയാട്ടി..എനിക്കാണെങ്കില്‍ ചിരിയും വരുന്നുണ്ട്..എന്തിനവര്‍ എന്റെ കാര്യത്തില്‍ ഇത്ര താല്പര്യം കാണിക്കുന്നു എന്നെനിക്കു മനസ്സിലായില്ല..തലശ്ശേരി എത്താനാവുമ്പോള്‍ അവര്‍ പറഞ്ഞു.."ഇന്നെ കാണാന്‍ എന്റെ മോന്റെ മോളെ പോലെയിണ്ട്..ഓളും പഠിക്കാന്‍ മിടുക്കിയായിരുന്നു..പക്ഷെ പത്തു വരെയേ പടിചിക്കിള്ളൂ..അത് കയിഞ്ഞു ഓളെ അച്ഛന്‍ മരിച്ചു..പിന്നെ പഠിക്കാമ്പട്ടീല്ല .."

അത് പറഞ്ഞു കഴിഞ്ഞപ്പോള്‍ അവരുടെ മുഖഭാവമെന്താനെന്നു ഞാന്‍ നോക്കിയില്ല..പക്ഷെ എന്റെ കണ്ണുകള്‍ നനഞ്ഞിരുന്നു..അല്ലെങ്കിലും സ്നേഹത്തിനു മുമ്പിലാണല്ലോ ഞാനെന്നും കീഴടങ്ങാര് .ബസ്സിറങ്ങി നടക്കുമ്പോള്‍ ഞാന്‍ തീരുമാനിച്ചു,.നന്നായി പഠിക്കുമെന്ന്..സ്ക്രീനില്‍ സീനുകള്‍ മാറിമറിയുമ്പോഴും എന്റെ മനസ്സില്‍ തെളിഞ്ഞു വന്നത് അവരുടെ രൂപമായിരുന്നു..ഈ ലോകത്ത് എനിക്ക് കിട്ടിയ എന്റെ പുതിയ ബന്ധുവിന്റെ മുഖം..പിന്നീടൊരിക്കല്‍ പോലും ഞാനവരെ കണ്ടിട്ടില്ലെങ്കിലും...

Saturday, October 24, 2009

രാത്രിമഴ

കോരിച്ചൊരിയുന്ന മഴ..വല്ലാത്ത തണുപ്പ്.ഇടയ്ക്കിടയ്ക്ക് മഴത്തുള്ളികള്‍ വന്നു കവിളില്‍ തട്ടി യാത്രയാവുന്നു.മഴയുടെ ശബ്ദത്തിനിടക്ക് ഈ കെ.എസ് .ആര്‍.ടീ സീ.ബസിന്റെ ശബ്ദം മുങ്ങിപ്പോയതുപോലെ...ഈ ശബ്ദം ഓര്‍മ്മകളെ എവിടെയൊക്കെയോ ചെന്നെത്തിക്കുന്നു..ഒക്ടോബറിലെ മഴ..അതിനുമുണ്ട് എന്തൊക്കെയോ പറയാന്‍.മഴ പലപ്പോഴും സമൃദ്ധിയുടെ ഉത്സവമാണ്..ബാല്യത്തിലേക്കുള്ള മടങ്ങിപ്പോക്കും..മുമ്പ് ഞങ്ങള്‍ക്ക് ബയോളജി പഠിപ്പിച്ചിരുന്ന ഒരു അധ്യാപകന്‍ പറഞ്ഞത് പോലെ പണ്ട് ആമ്നിയോടിക് ദ്രവത്തില്‍ കിടന്നതിന്റെ ഓര്‍മ്മയാവാം മനുഷ്യന്റെ വെള്ളത്തിനോടുള്ള ഒടുങ്ങാത്ത ആര്‍ത്തിക്കു കാരണം.ഈ മഴ പലതും ഓര്‍മ്മിപ്പിക്കുന്നു..സന്തോഷത്തിന്റെയും സങ്കടത്തിന്റെയും നാളുകള്‍..മഴയത്ത് മുങ്ങിക്കുളിച്ചു ഈറനോടെ അച്ചാച്ചന് ബലിയിട്ടത് അവസാനത്തെ ഓര്‍മ്മ..അന്ന് മഴക്കുണ്ടായിരുന്നത് ഒരു ശോകരാഗമായിരുന്നോ...
രാത്രി പെയ്യുന്ന മഴയ്ക്ക് മുമ്പൊക്കെ പ്രണയത്തിന്റെ താളമായിരുന്നു.ഇപ്പോള്‍ അവയ്ക്ക് പ്രത്യേകിച്ച് ഭാവാങ്ങളൊന്നും ഇല്ലാത്തതുപോലെ ...സുഗതകുമാരിയുടെ രാത്രിമഴ ഓര്‍മ്മ വരുന്നു.മഴയുടെ വിവിധ ഭാവങ്ങളെക്കുറിച്ച് അവര്‍ എത്ര മനോഹരമായാണ് എഴുതിയത്..ആ കവിത ഈണത്തില്‍ ചൊല്ലിത്തന്ന അധ്യാപികയെ ഒരിക്കലും മറക്കാന്‍ കഴിയില്ല..ലളിതമായ വസ്ത്രധാരണവും മുഖത്ത് ഒരു പുഞ്ചിരിയും മാത്രമുള്ള എന്റെ മനസ്സില്‍ വളരെ കുറഞ്ഞ നാളുകള്‍ കൊണ്ട് ഇടം നേടിയ എന്റെ പ്രിയപ്പെട്ട ടീച്ചര്‍..അപര്‍ണ ടീച്ചര്‍..വിവാഹിതയായ അവര്‍ സീമന്തരേഖയില്‍ സിന്ദൂരം ചാര്‍ത്തിയിരുന്നില്ല..ബി.എഡ് ട്രെയിനിങ്ങിനു ഒരു മാസത്തേക്ക് ഞങ്ങളുടെ സ്കൂളില്‍ വന്നതായിരുന്നു..മറ്റു സ്ത്രീകളില്‍ നിന്നും വളരെ വ്യത്യസ്തയായിരുന്നു അവര്‍.വ്യത്യസ്തമായ ചിന്താഗതി..ഏതു കാര്യത്തിനും സ്വന്തമായോരഭിപ്രായമുണ്ട് ടീച്ചര്‍ക്ക്‌.ക്ലാസ്സില്‍ എല്ലാവരും ശ്രദ്ധിക്കണമെന്ന ഒരു നിര്‍ബന്ധവുമുണ്ടായിരുന്നില്ല ടീച്ചര്‍ക്ക്‌.അന്നത്തെ വിദ്യാഭ്യാസരീതിയുടെ ഇടുങ്ങിയ തലങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തമായിരുന്നു ടീച്ചറുടെ കാഴ്ചപ്പാട്.അവരുടെ വ്യക്തിത്വം എന്നെ അമ്പരപ്പിക്കുക മാത്രമല്ല,ഇങ്ങനൊരു വ്യക്തിയെ കാണാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷവുമുണ്ടായിരുന്നു എനിക്ക്.. എല്ലാ തരം മതിലുകള്‍ക്കും പുറത്തു കടക്കണമെന്ന് അവര്‍ ആഗ്രഹിച്ചു..ഒരു നല്ല കവയിത്രി കൂടിയായിരുന്നു അവര്‍..
ട്രെയിനിംഗ് കാലാവധി കഴിഞ്ഞു പോകാന്‍ നേരം എന്റെ നോട്ടു പുസ്തകത്തിന്റെ അവസാനത്തെ പേജിലും അവര്‍ ചില വരികള്‍ കുറിച്ചു.."നിലവിലുള്ള വ്യവസ്ഥകളോട് കലഹിക്കാതിരിക്കാം ..കലഹിക്കുന്നവര്ക്കു സമൂഹം നല്‍കുന്ന പേരിനും പക്ഷെ ഒരു മധുരമുണ്ട്..നോക്കൂ..ധിക്കാരി എന്നാ വിളിയില്‍ അസൂയ നിറഞ്ഞിരിക്കുന്നു"..ഒരുപാട് നാള്‍ ഞാന്‍ ആ പേജും ടീച്ചറുടെ അഡ്രസ്സും സൂക്ഷിച്ചു വെച്ചെങ്കിലും പിന്നീട് എന്റെ കയ്യില്‍ നിന്നും അത് നഷ്ടപ്പെട്ടു..ഇപ്പോള്‍ അവര്‍ എവിടെയാണെന്നോ എന്ത് ചെയ്യുന്നെന്നോ എനിക്കറിയില്ല..ചിലര്‍ അങ്ങനെയാണ്..വളരെ കുറച്ചു നാളുകള്‍ കൊണ്ട് നമ്മെ ഒരുപാട് സ്വാധീനിക്കും...ഇന്നും ടീച്ചറും അവരുടെ നിറഞ്ഞ പുഞ്ചിരിയും ഈ വാക്കുകളും രാത്രിമഴയും എല്ലാം സുഖമുള്ള ഓര്‍മ്മകളാണ്.

Tuesday, September 8, 2009

ഉയീ..ഇതേനൂ.. ഞാമ്പിചാരിച്ച്..

ഞാന്‍ പറയാന്‍ പോകുന്നത് അഞ്ചെട്ടു വര്‍ഷം മുമ്പു നടന്ന ഒരു സംഭവമാണ്...കഥ നടക്കുന്നത് വളരെ കുപ്രസിദ്ധമായ ഒരു സ്ഥലത്താണ്..പേരു കേട്ടാല്‍ ഒരുപക്ഷെ നിങ്ങള്‍ക്കറിയുമായിരിക്കും ..ഉണ്ണിയാര്‍ച്ചയുടെയും മറ്റും കഥകളില്‍ കേട്ടിട്ടുള്ള നാട്...കുറച്ചു വര്ഷങള്‍ക്കു മുമ്പു ഒരു വര്‍ഗ്ഗീയ ലഹളയുടെ പേരിലും പ്രസിദ്ധമാണിവിടം...അതെ..നാദാപുരം തന്നെ..അതിനടുത്തുള്ള ഒരു ചെറിയ പ്രദേശം..ഈയ്യന്കോട്..മയ്യഴിപ്പുഴയുടെ ഒരു ശിഖരം അതിലൂടെയും ഒഴുകുന്നുണ്ട്...അതിന്റെ തീരത്താണ് എന്റെ അമ്മയുടെ വീട്..വീടിന്റെ അടുത്ത് തന്നെ ഒരു കെട്ടിടമുണ്ട്..കണ്ണേട്ടന്റെ ചായക്കടയും അമ്മദ്ക്കയുടെ പീടികയും ഒരു കുടക്കീഴില്‍...അവിടെ രാത്രി അരങ്ങേറുന്ന കലാപരിപാടികളില്‍ സ്ഥിരമായുള്ളത് പോസ്റ്റര്‍ കീറലാണ്. രണ്ടു പാര്‍ട്ടികള്‍ തമ്മിലുള്ള മത്സരം..അതില്‍ പലപ്പോഴും ബലിയാടാവുന്നത്‌ പാവം കണ്ണേട്ടനും അമ്മദ്ക്കയും...ചിലപ്പോള്‍ ആ കടയിലെ ബഞ്ചുകള്‍ അപ്രത്യക്ഷമാവാറുണ്ട്...ഒരിക്കല്‍ അമ്മദ്ക്കയുടെ പീടികയിലെ ഉപ്പുചാക്കു കാണാതായി...പതിവുപോലെ കേസ് പോലീസ് സ്റ്റേഷനില്‍ ചെന്നു...ആ കെട്ടിടത്തിന്റെ ഉടമ അചാച്ചനായതിനാല്‍ ഞങ്ങളുടെ വീട്ടിലും വന്നു പോലീസ്..രാത്രിയായിരുന്നു വരവ്..ആരുടേയും കാല്‍ നിലത്തു തൊടുന്നുണ്ടായിരുന്നില്ല...അന്ന് അച്ഛനും ഉണ്ടായിരുന്നു അവിടെ..രാവിലെ കാണാതായ ഉപ്പുചാക്കിനെ കുറിച്ചു അച്ഛന്‍ വൈകിട്ടാണറിയുന്നത്‌ ..പോലീസ് അച്ഛനോട് ചില ചോദ്യങ്ങള്‍ ചോദിച്ചു..ആദ്യത്തെ ചോദ്യം കേട്ട് അച്ഛന്‍ ഒന്നു ഭയന്നു "ഉപ്പ് ചാക്ക് എവിടെയാ കൊണ്ടു ചെന്നിട്ടത്..?" എന്നായിരുന്നു ചോദ്യം...വിവരങ്ങള്‍ ഒക്കെ അന്വേഷിച്ചപ്പോഴാണറിയുന്നത് അതില്‍ ഒരു പോലീസുകാരന്‍ അച്ചാച്ചന്റെ പഴയ ശിഷ്യനായിരുന്നെന്നു...ഒരു റിട്ടയേര്‍ഡ്‌ ഹെഡ് മാസ്റ്റര്‍ ആയ അച്ചാച്ചന്റെ വിലപ്പെട്ട സമ്പാദ്യമാണ് ഈ ശിഷ്യന്മാര്‍...കുറച്ചു നേരത്തെ സൌഹൃദസംഭാഷണത്തിന് ശേഷം അവര്‍ പിരിഞ്ഞു പോയി..പിന്നീട് അതിനെപ്പറ്റി ആരും പറയുന്നതു കേട്ടിട്ടില്ല...ഉപ്പും ചാക്കും കേസും ഒക്കെ പുഴയുടെ അടിത്തട്ടില്‍ അലിഞ്ഞില്ലാതായിക്കാണും.
ഞാന്‍ പറയാന്‍ വന്നത് ഇതൊന്നുമല്ല..ആ നാടിനെ ഒരു ദിവസത്തേക്ക് നടുക്കിയ ഒരു സംഭവമാണ്.നാദാപുരം ലഹള അടങ്ങി കുറച്ചു ദിവസം കഴിഞ്ഞാണ് ഈ സംഭവം..ഒരു ദിവസം രാവിലെ നേരം വെളുക്കുമ്പോള്‍ പീടികയുടെ മുമ്പില്‍ ഒരു വലിയ ചാക്കുകെട്ട്...തലേന്ന് രാത്രി വരെ അവിടെ ഇല്ലാതിരുന്ന ചാക്കുകെട്ട് പെട്ടന്ന് എവിടെ നിന്നു പ്രത്യക്ഷപ്പെട്ടു ? അതിരാവിലെ എണീറ്റ്‌ ചായക്കടയിലേക്ക്‌ പോയ കണ്ണേട്ടനാണ് ആദ്യം ഈ ചാക്കുകെട്ട് കണ്ടത്..പിന്നെ വന്നവര്‍ ഓരോരുത്തരായി വിവരം അറിഞ്ഞു..ഒരാള്‍ വന്നു ആ ചാക്കുകെട്ട് അഴിക്കാന്‍ നോക്കി.. സ്ഥലത്തെ പ്രാധാനിയായ ബാലേട്ടന്‍ തടഞ്ഞു "മാണ്ട..മ്മക്ക് പോലീസിനെ വിളിക്കാം..ഓല് വന്നു തൊറക്കട്ടെ..എന്താ ഈല്ലുന്നു പറയാമ്പറ്റൂല്ല ..ചെലപ്പോ ബോംബോ മറ്റോ ആവും..."ഒരു വലിയ മോഹന്‍ലാല്‍ ഫാന്‍ ആയ മോഹന്‍ലാല്‍ ബാബു അതിനെ അനുകൂലിച്ചു "ശരിയാ..കണ്ടിട്ട് ഒരു ശവാണെന്നാ തോന്നുന്നേ..."കടയില്‍ സാധനം വാങ്ങാന്‍ വന്ന പാറുവേടത്തി .."പടച്ചോനെ..എന്തെല്ലാ നടക്കാംബോന്നെ..ഇപ്പൊ ഒന്ന് കയിഞ്ഞിക്കേള്ളൂ.."ഡിറ്റക്ടീവ് ബാലകൃഷ്ണന്റെ പുതിയ സംശയം..."ആരെയെങ്കിലും കാണാണ്ടായിക്കൊളീ .."പണിക്കു പോകാനിറങ്ങിയ ശൈലെച്ചിയാണ് ഉത്തരം പറഞ്ഞത്.."ഇല്ലാലോ..ആരും പറേന്നെ കേട്ടിക്കില്ലാലോ..ഞാളാടെയോന്നും എന്തായാലും ഇല്ല.."ഏതായാലും പോലീസിനെ അറിയിക്കാം...എല്ലാവരും കൂടി തീരുമാനിച്ചു...വിവരം നാട് മുഴുവന്‍ പാട്ടായി...കുറെ ആള്‍ക്കാര്‍ ചാക്കുകെട്ട് കാണാന്‍ വന്നു..കുറച്ചു നേരത്തെ കാത്തിരിപ്പിന് ശേഷം പോലീസ് സ്ഥലത്തെത്തി..എല്ലാവരും ആകാംക്ഷയോടെ നോക്കിയിരിക്കുകയാണ് ..ആ കെട്ടഴിക്കുന്നതും കാത്ത്...ഇതിനിടയില്‍ കൊലയാളിയേയും കൊല്ലപ്പെട്ട ആളിനെയും കുറിച്ചുള്ള പ്രവചനങ്ങള്‍ വരെ ഉയര്‍ന്നു..പോലീസുകാരന് ഭയങ്കര ഗമ..എല്ലാവരുടെയും ആകാംക്ഷക്കും പ്രവചനങ്ങള്‍ക്കും എല്ലാം വിരാമമിട്ടുകൊണ്ട് അയാള്‍ ആ ചാക്കുകെട്ടഴിച്ചു..പ്രതീക്ഷിച്ചതുപോലെ തന്നെ എല്ലാവരുടെയും കണ്ണുകള്‍ തള്ളി...അപ്രതീക്ഷിതമായ കാഴ്ചയായിരുന്നു അതിനുള്ളില്‍ കണ്ടത്...കൊടിയ ദുര്‍ഗന്ധം വമിപ്പിച്ചുകൊണ്ട് ചീഞ്ഞുനാറിയ കുറെ മാലിന്യങ്ങള്‍..പച്ചക്കറിയുടെയും ഭക്ഷനസാധനങ്ങളുടെയും അവശിഷ്ടങ്ങള്‍..പോലീസുകാരന്റെ മുഖം വല്ലാതായി. വലിയതെന്തോ പ്രതീക്ഷിച്ചു നോക്കിനിന്ന നമ്മുടെ ന്യൂസ്‌ ഏജന്‍സി സരസയുടെ മുഖമാകെ വാടി ...അവള്‍ മൂക്കത്ത്‌ വിരല്‍ വെച്ച് പോയി.."ഉയീ..ഇതേനൂ.. ഞാമ്പിചാരിച്ച്.."

Sunday, September 6, 2009

പറന്ന് പറന്ന് പറന്ന്...










ഇണപിരിയാത്ത ബന്ധം..വീട്ടുമുറ്റത്ത്‌ നിന്നു പകര്‍ത്തിയ ചില ദൃശ്യങ്ങള്‍




Saturday, August 29, 2009

പവര്‍ കട്ട്

നിനക്കാത്ത നേരത്തുള്ള പവര്‍ കട്ട് അവള്‍ക്കൊരാശ്വാസമായി.ഇരുട്ടിനെ താന്‍ പ്രണയിക്കാന്‍ തുടങ്ങിയിരിക്കുന്നു.പണ്ടു ഇരുട്ട് അവള്‍ക്കു പേടിയായിരുന്നു. അന്ന് പേടിച്ചു അമ്മമ്മയുടെ മടിയില്‍ കിടക്കാറുള്ളതു അവള്‍ക്കിപ്പോഴും ഓര്‍മ്മയുണ്ട്.കുറുക്കന്റെ ഓരിയിടലും ചീവീടുകളുടെ ശബ്ദവും അവളെ ഭയപ്പെടുത്തിയിരുന്നു.ജനനത്തില്‍ നിന്നും മരണത്തിലേക്കുള്ള യാത്രയില്‍ ഇരുട്ടിനെ സ്നേഹിക്കാന്‍ തുടങ്ങി...നിഷ്കളങ്കതയില്‍ നിന്നും കാപട്യത്തിലേക്കെന്ന പോലെ..ഇരുട്ട് എന്തിനേയും വിഴുങ്ങുന്നു..ദുഖങ്ങളെ..കളവുകളെ ..തെളിവുകളെ...എല്ലാം...പകല്‍മാന്യന്മാര്‍ രാത്രിയില്‍ മുഖംമൂടികളഴിക്കുന്നു ..കുറുക്കന്മാര്‍ സ്വസ്ഥമായി പുറത്തിറങ്ങുന്നു..മനുഷ്യമൃഗങ്ങളെ പേടിക്കണ്ടല്ലോ..ഒന്നു മുറ്റത്തിറങ്ങി നോക്കാം..അനന്തമായ ആകാശവും ചന്ദ്രനും നക്ഷത്രങ്ങളും മിന്നാമിനുങ്ങുകളും തന്നെ മറന്നിട്ടുണ്ടാവുമോ..? ചെറുപ്പത്തില്‍ കോലായില്‍ വലിയ ചര്‍ച്ചകള്‍ നടക്കുമ്പോള്‍ മുറ്റത്തുള്ള ബെന്ചിന്മേല്‍ കിടന്നു ആകാശത്തേക്ക് നോക്കുന്ന ആ കൊച്ചു കുട്ടിയില്‍ നിന്നും താന്‍ എത്ര ദൂരം സന്ജരിച്ചിരിക്കുന്നു ! അന്ന് അവിടെ രാഷ്ട്രീയം ചര്‍ച്ച ചെയ്യാറുള്ള പലരുടെയും ശബ്ദം ഈ ഇരുട്ടില്‍ തന്നെ അലിഞ്ഞില്ലാതെയായി.ഇനിയവശേഷിക്കുന്നത് അവയില്‍ ഏതാനും ചില മുഖങ്ങള്‍ മാത്രം. അവരുടെ കാതുകള്‍ ഇന്നു ഏതെങ്കിലും വീടുകളില്‍ നിന്നു ചില വലിയ പെട്ടികള്‍ക്കു കാതോര്തിരിക്കുകയാവും..ചിലപ്പോള്‍ തന്നെ പോലെ ഏതെങ്കിലും കാന്താരികളോട് തര്‍ക്കിക്കുകയാവും.പുറത്തു ഒരു ചര്‍ച്ച . അടുക്കളയില്‍ പെണ്ണുങ്ങളുടെ മറ്റൊരു ചര്‍ച്ച..അവിടെ വിഷയം രാഷ്ട്രീയമോ ലോകകാര്യങ്ങളോ ഒന്നുമല്ല. ആരെയെങ്കിലും കുറിച്ചുള്ള പരദൂഷണം ആവും .പിന്നെ തെക്ക്യാകത്തു വയസ്സന്മാരുടെ ഒരു ഗ്യാങ്ങും ഉണ്ടാവും ചിലപ്പോള്‍.ബ്രിട്ടിഷ്‌ ഭരണം വീണ്ടും വരണമെന്ന് ആഗ്രഹിക്കുന്ന ഒരു ന്യൂനപക്ഷം.വെറ്റിലയും അടക്കയും എല്ലാം ചേര്‍ത്ത് മുറുക്കാന്‍ ഇടിച്ചു കൊടുത്തു അവരെ സത്ക്കരിക്കാന്‍ താനും കൂടാറുണ്ട്..പതിഞ്ഞ സ്വരത്തില്‍ ആരും കേള്‍ക്കാതെയായിരിക്കും അവരുടെ സംഭാഷണം.."ഇനിക്കോര്മ്മെല്ലെ നാരാണീ...പണ്ട് ഓല് കുറുപ്പാളേന്നു തെകച്ചു വിളിക്കൂല്ല..ഇപ്പൊ എല്ലാരും ഏട്ടന്മാരല്ലേ...?ഓലിക്കിപ്പൊ ഇല്ലാതതെന്താ...ഇപ്പൊ ഓലല്ലെ കേമമ്മാര്.."..എല്ലാവരും നന്നാവുന്നതിലുള്ള കുശുമ്പ് ആ വാക്കുകളില്‍ പ്രകടമായിരിക്കും.എല്ലാം കേട്ട് മിണ്ടാതിരിക്കുന്ന താനും..ഒന്നിനും താന്‍ ചെവി കൊടുക്കാറില്ലെന്നാ അവരുടെ വിചാരം.പക്ഷെ താന്‍ എല്ലാം മനസ്സില്‍ പതിപ്പിച്ച വിവരം അവരറിയുന്നുണ്ടാവില്ല..ടി വിയുടെ വരവോടെ എല്ലാം പതുക്കെ നിന്നു..ഇന്ന് ഒരു പവര്‍ കട്ടിനു വേണ്ടി കൊതിക്കുകയാണ് താന്‍.കറന്റ്‌ വന്നെന്നു തോന്നുന്നു.ഇപ്പൊ ഒരു സിനിമയുണ്ട്..ഇനിയാണ് തന്റെ സമയം.അവരുടെ തിരക്കൊഴിഞ്ഞു.ടൈം ടേബിള്‍ വച്ചാണ് ടി വി കാണല്‍...പാവം..അതിനു മാത്രം വിശ്രമമില്ല..!!!

Friday, August 7, 2009

ഇത്തിരി നേരം...

എല്ലാവരും ഉണ്ട് വീട്ടില്‍..രണ്ടു ദിവസം ഒഴിവുള്ളതുകൊണ്ട് വന്നതാണ്...വല്ലപ്പോഴുമൊക്കെയേ ഇങ്ങനത്തെ ഒരു ഒത്തുകൂടല്‍ ഉണ്ടാവൂ..എന്റെ അനിയത്തിക്ക് എന്ജിനിയറിങ്ങിനു ഒരു കോളേജില്‍ അഡ്മിഷന്‍ കിട്ടി എന്ന് പറഞ്ഞു.. അത് കേട്ടപ്പോള്‍ സന്തോഷം തോന്നിയെങ്കിലും അവിടുത്തെ ഫീസ് കേട്ടപ്പോള്‍ എന്തോ തോന്നി..ഒരു മനുഷ്യ ദൈവത്തിന്റെ പേരിലുള്ള കോളജാണ്..പണക്കാരെ സഹായിക്കാനാണ് ദൈവങ്ങള്‍ക്കും ഇപ്പോള്‍ താത്പര്യം എന്ന് തോന്നുന്നു.കുറെ കഴിഞ്ഞു സംസാരം വഴിമാറി..പത്രത്തില്‍ കണ്ട ഏതോ സ്ത്രീപീഡനത്തെ കുറിച്ചാണ് ചര്‍ച്ച..പതിവുപോലെ ഞാന്‍ ഒന്നും മിണ്ടാതെ എല്ലാം കേട്ടുകൊണ്ടിരുന്നു..വാദി പ്രതിയായി.ഒടുവില്‍ കുറ്റം മുഴുവന്‍ പെണ്‍കുട്ടിയുടെയും അവളെ വളര്‍ത്തിയ മാതാപിതാക്കളുടെയും മേല്‍ ചെന്നു വീണു..അപ്പോഴും പ്രതി സുഖമായി കഴിയുന്നു...ഇതിനിടയില്‍ അച്ഛന്‍ അച്ഛന്റെ സ്കൂളിലെ ചില നിയമങ്ങളെ കുറിച്ചു പറഞ്ഞു ...പെണ്കുട്ടികള്‍ക്ലാസ്സില്‍ നേരത്തെ വരാന്‍ പാടില്ല.സ്കൂള്‍ വിട്ടാല്‍ പുറത്തിറങ്ങാന്‍ ആണ്കുട്ടികള്‍ക്കും പെണ്കുട്ടികള്ക്കും വേറെവേറെ സമയം..അപ്പോള്‍ ഞാന്‍ "ടോട്ടോച്ചാന്‍" എന്ന പുസ്തകത്തിലെ സ്കൂളിനെ പറ്റി ചിന്തിച്ചു.. അതിലെനീന്തല്‍ക്കുളം...ആണ്കുട്ടികളും പെണ്കുട്ടികളും അനാവശ്യമായ കൌതുകം വച്ചു പുലര്ത്താതിരിക്കന്‍ ശ്രദ്ധിച്ച ആ അധ്യാപകനെ കുറിച്ചും...അത്രയൊന്നും പറ്റില്ലെങ്കിലും ചെറുപ്പത്തിലെ ആണ്കുട്ടികളെ ഒരു ഭാഗത്തും പെണ്കുട്ടികളെ വേറൊരു ഭാഗത്തും ഇരുത്തുന്ന ആ സമ്പ്രദായം എങ്കിലും മാറിയിരുന്നെങ്കില്‍... !! ഞാന്‍ ചെറുപ്പത്തില്‍ പഠിച്ച സ്കൂളില്‍ അങ്ങനെയായിരുന്നു.പക്ഷെ പിന്നീട് പഠിച്ചത് ഒരു പെണ്‍പള്ളിക്കൂടത്തിലായിരുന്നു.അതിന്റേതായ പ്രശ്നങ്ങള്‍ എനിക്കുണ്ടായിരുന്നു...പ്ലസ് ടുവിനു ഞാന്‍ പഠിച്ച സ്കൂളില്‍ നിന്നും കുറച്ചൊക്കെ അത് മാറ്റിയെടുത്തെന്കിലും ഇപ്പോഴും അത് പൂര്‍ണ്ണമായി വിട്ടുമാറിയിട്ടില്ല.കോളേജ് ജീവിതവും എന്നില്‍ വലിയ സ്വാധീനം ചെലുത്തിയില്ല.പുറകിലത്തെ ബെഞ്ചിലിരുന്ന് സ്വപ്നം കാണുക എന്നുള്ളത് മാത്രമായി കോളേജ് ജീവിതത്തിന്റെ ഓര്‍മ്മയായി ബാക്കിയുള്ളത്.എങ്കിലും ഹോസ്റ്റല്‍ ജീവിതം നല്ല കുറച്ചു ഓര്‍മ്മകള്‍ നല്കി.അവിടെ ഞാന്‍ ഒരു കൊച്ചു താരമായിരുന്നതും ഞാനോര്‍ക്കുന്നു...എന്റെ പൊട്ടത്തരങ്ങള്‍ തന്നെയായിരുന്നു അതിന് കാരണവും..പിന്നെ എന്റെ പരിപ്പെടുക്കുന്ന സ്വഭാവവും.."പരിപ്പ്" എന്ന ഒരു ഓമനപ്പേര് തന്നെ എനിക്കുണ്ടായിരുന്നു.പിന്നെ ഇടയ്ക്കിടയ്ക്ക് ക്ലാസ്സു കട്ട് ചെയ്തു സിനിമയ്ക്കു പോകുന്നതും ഞങ്ങള്‍ ഹോസ്റ്റലിലെ കൂട്ടുകാരൊരുമിച്ചാണ്.കുറെ നാളായി അവരെയൊക്കെ ഒന്നു കണ്ടിട്ട്..ഇനി എപ്പോഴെങ്കിലും ഒക്കെ കാണാം.ഓര്‍ക്കുട്ടില്‍ ഉണ്ടാവുന്ന ഫോട്ടോ കമന്റ്സ് മാത്രമാണ് ഇപ്പോഴുള്ളത്..പിന്നെ വല്ലപ്പോഴും വരുന്ന സ്ക്രാപ്പുകളും..ഇതും കൂടിയില്ലെങ്കില്‍..ആര് ആരെ ഓര്‍ക്കാന്‍...എല്ലാവരും ഓരോ ഭാഗത്തായി...ഏതായാലും എല്ലാവര്‍ക്കും ഒരു സ്ക്രാപ്പ് അയക്കാം...കമ്പ്യൂട്ടറിന് അടുത്തേക്ക് നീങ്ങി...അങ്ങോട്ടേക്ക് അടുക്കാന്‍ പറ്റില്ല..ഇപ്പൊതന്നെ അവിടെ തിരക്കാണ്...എന്റെ കുഞ്ഞു അനുജന്മാരും അനിയത്തിമാരും...പിന്നെയാവാം...ചോറുണ്ണാനായി എന്ന് തോന്നുന്നു...അമ്മ വിളിക്കുന്നുണ്ട്...ഇന്നു ഉച്ചക്ക് ശേഷം തന്നെ എല്ലാവരും പോകും..പിന്നെ ഞാന്‍ വീണ്ടും ഒറ്റയ്ക്ക്...പണ്ടു എല്ലാവരും പോകുമ്പോ ഞാന്‍ ആരും കാണാതെ എവിടെയെങ്കിലും പോയിരുന്നു കരയാറുണ്ടായിരുന്നു.ഫോണും ഇന്റര്‍നെറ്റും ഒക്കെ ദൂരം കുറച്ചെങ്കിലും എന്തോ ഒരു ശൂന്യത തോന്നുന്നു..അമ്മുവിന്റെ വിളി എന്നെ ഉണര്‍ത്തി.."ചേച്ചീ വാ...ചോറുണ്ണാം..." ...ഞാന്‍ ഇവിടെയിരുന്നു ഇത്തിരി നേരം കൊണ്ടു ഒരുപാടു ദൂരം സഞ്ചരിച്ചിരിക്കുന്നു..അവളുടെ കുഞ്ഞു കൈകള്‍ എന്നെ മേശക്കരികിലേക്ക് കൊണ്ടുപോയി.

Monday, August 3, 2009

മുത്തശ്ശിക്കഥ


അമ്മമ്മയുടെ മടിയില്‍ കിടന്നു കഥ കേള്ക്കുകയാണവള്‍..അവളുടെ കുഞ്ഞു കണ്ണുകളിലെ ആകാംക്ഷ ഒന്നു കാണേണ്ടത് തന്നെയാണ്.മുയലിനെ ഒരു പാഠം പഠിപ്പിച്ച ആമയെ ഒന്നഭിനന്ദിക്കണമെന്നവള്‍ക്കു തോന്നി.മുന്തിരി കിട്ടാത്ത കുറുക്കനെ കുറിച്ചോര്‍ത്തു അവള്‍ സഹതപിച്ചു.മഹാബലിയെ ചവിട്ടിതാഴ്ത്തിയ വാമനനോട് ദേഷ്യം തോന്നി.രാജകുമാരിയെ തേടി കുതിരപ്പുറത്തു വരുന്ന രാജകുമാരന്‍..തന്റെ മുടിയിഴകളിലൂടെ നീങ്ങുന്ന വിരലുകളുടെ ഓട്ടവും കുതിരക്കുളമ്പടിയും..അവള് ഉറക്കത്തിലേക്കു വഴുതിവീണു .

കുതിരക്കുളമ്പടി ഇപ്പോഴും കേള്‍ക്കാം.വഴിതെറ്റിപ്പോയ രാജകുമാരന്‍.അവനെ കാത്തിരിക്കുന്ന രാജകുമാരി..ഒടുവില്‍ എല്ലാം മറന്നു എവിടെയോ ചെന്നെത്തിയ രാജകുമാരന്‍..കഥയുടെ ഗതി മാറിയപ്പോള്‍ അവള്‍ ഞെട്ടിയുണര്‍ന്നു...തലേന്ന് രാത്രി മുഴുവന്‍ കരഞ്ഞു തളര്‍ന്നു എപ്പോഴോ ഉറങ്ങിപ്പോയതാണ്.. ഇന്നലെ നടന്ന സംഭവങ്ങളുടെ ആഘാതം ഇതുവരെ വിട്ടൊഴിഞ്ഞിട്ടില്ല...എല്ലാം..എല്ലാം ഒരു മുത്തശ്ശിക്കഥയായിരുന്നുവോ..?ഇനിയെന്താ ചെയ്യുക..?എന്ത് ചെയ്യാന്‍..പണ്ടു അച്ഛന്‍ തമാശക്ക് പറയാറുണ്ടായിരുന്നു..വാക്കുകള്‍ പരസ്പരം മാറ്റി.."നമുക്കവരെ വെളിച്ചത്തു ചോറ് കൊടുത്തു ഇരുട്ടത്ത് കിടത്തി ഉറക്കാം !!!" ഒരു കുസൃതിച്ചിരിയോടെ അവളോര്‍ത്തു...

Saturday, May 2, 2009

മടക്കയാത്ര


ഇന്നു അവള്‍ വരും...അമ്മു...ടിവിയുടെയും ഇന്ടര്നെറ്റിന്ടെയുമ് മുന്നില്‍ എരിഞ്ഞടങ്ങുന്ന ദിവസങ്ങളില്‍ക്കിടയില്‍ അവളുടെ വരവ് ഒരാശ്വാസം തന്നെയാണ്. അവളുടെ കൊച്ചു കൊച്ചു കുസൃതികളും ചെറിയ വായില്‍ വലിയ വര്ത്താനവും കേള്‍ക്കാന്‍ നല്ല രസമാണ്. എന്റെ ഏറ്റവും ഇളയ അനിയത്തി. ഒന്നാം ക്ലാസ്സിലാണെന്കിലും വലിയ ആള്‍ക്കാര്‍ പറയുന്നതു പോലെയാണവള്‍ പറയുക. ഞങ്ങളുടെ ഇടയില്‍ അവളുടെ പേരു "റേഡിയോ മാംഗോ " എന്നാണ്. എന്ത് കാര്യം പറഞ്ഞാലും അവള്‍ അത് ഉറക്കെ വിളിച്ചു പറയും. പിന്നെ "നാട്ടിലെങ്ങും പാട്ടായ്". പ്രത്യേകിച്ചും ആരോടും പറയരുത് എന്ന് പറയുന്ന കാര്യങ്ങള്‍. അതുകൊണ്ട് തന്നെ അവളുടെ മുമ്പില്‍ വച്ചു ആരും ഒന്നും പറയാറില്ല.


അവള്‍ക്കേറ്റവും ഇഷ്ടപ്പെട്ട കല അഭിനയമാണ്. അതിന് വേണ്ടി അവള്‍ ഞങ്ങളെ കൂട്ടുപിടിക്കാറുണ്ട്‌. ഒരു ദിവസം അവള്‍ എന്റെ അനിയനോട് പറഞ്ഞു, എനിക്ക് വിഷം തരാന്‍. അവന്‍ എനിക്ക് വിഷം തന്നു. എന്നിട്ട് അവള്‍ എന്നോട് മരിക്കാന്‍ പറഞ്ഞു. ഞാന്‍ മരിച്ചു. പിന്നെ അവള്‍ പോലീസ് ആയി. അവനെ ഒരുപാടു ഇടിച്ചു, ചോദ്യം ചെയ്തു.."സത്യം പറ..നീയല്ലേടാ അവളെ കൊന്നത്...?". എത്ര ചോദിച്ചിട്ടും അവന്‍ സമ്മതിച്ചില്ല. ഒടുവില്‍ നിവൃത്തിയില്ലാതെ അവള്‍ എന്റെ അടുത്ത് വന്നു ചോദിച്ചു.."സത്യം പറ..നിന്നെ ആരാ കൊന്നത്...?"..പിന്നെ വേറൊരു ദിവസം അവള്‍ എന്നോട് വില്ലന്‍ ആവാന്‍ പറഞ്ഞു.ഞാന്‍ വില്ലന്‍ ആയി അവളെ പിടിച്ചു വലിച്ചു കൊണ്ടുപോയി. അപ്പോള്‍ അവള്‍ എന്റെ അനിയനെ നോക്കി ഉറക്കെ വിളിച്ചു പറഞ്ഞു.."അപ്പു ഏട്ടാ...എന്നെ രക്ഷിക്കൂ....."


പക്ഷെ ഇതൊന്നുമല്ല എന്നെ ഏറ്റവും അധികം ചിരിപ്പിച്ചത്. കഴിഞ്ഞ പ്രാവശ്യം വന്നപ്പോള്‍ അവള്‍ എന്നോട് ഒരു രഹസ്യം പറഞ്ഞു.."എന്റെ ക്ലാസ്സിലെ ഒരു കുട്ടിക്ക് എന്നെ വലിയ ഇഷ്ടമാണ്..എപ്പോഴും എന്നെ തന്നെ നോക്കിക്കൊണ്ടിരിക്കും.." ഞാന്‍ ചിരിച്ചു..അപ്പോള്‍ അവള്‍ വീണ്ടും സ്വകാര്യമായി പറഞ്ഞു "അച്ഛനോടും അമ്മയോടും പറയല്ലേ...അച്ഛന്‍ അറിഞ്ഞാല്‍ എന്നെ കൊല്ലും.." അപ്പോള്‍ അത് ഞാന്‍ സമ്മതിച്ചെങ്കിലും പിന്നീട് പലതവണ ഞാന്‍ അത് ദുരുപയോഗം ചെയ്തു. അവള്‍ ഉപദ്രവിക്കുമ്പോഴെല്ലാം ഇതു പറയും എന്ന് പറഞ്ഞു ഞാന്‍ ഭീഷണിപ്പെടുത്തും. പക്ഷെ ശരിക്കും എനിക്കവളോട് അസൂയ ആണ്. എല്ലാ തരത്തിലും ഉള്ള നിഷ്കളങ്കതയുടെ പ്രായം. ആരെയും പേടിക്കേണ്ട. ഇഷ്ടമുള്ളതിനെ ഇഷ്ടപ്പെടാനും ഇഷ്ടമില്ലാത്തതിനെ ഇഷ്ടപ്പെടാതിരിക്കാനും ഉള്ള അവളുടെ സ്വാതന്ത്ര്യം. വലിയവരുടെ വലിയ ശരികള്‍ക്കിടയില്‍ സ്വന്തം ശരികളെ മൂടിവയ്ക്കേണ്ടി വരുമ്പോള്‍ വീണ്ടും ആ പ്രായത്തിലേക്ക് പോകാന്‍ തോന്നുന്നു..നിഷ്കളങ്കതയുടെ ആ നല്ല പ്രായത്തിലേക്ക്...