Saturday, January 7, 2012

പ്രതികരണത്തിന്റെ മന:ശാസ്ത്രം ..



ഞെട്ടിക്കുന്ന വാര്‍ത്തയായിരുന്നു അന്ന് പത്രത്തില്‍ കണ്ടത്... സ്നേഹിതനെ തേടി കേരളത്തിലെത്തിയ ബംഗാളി പെണ്‍കുട്ടിയെ ഇരിട്ടിയില്‍ വെച്ചു  നാല് പേര്‍ ചേര്‍ന്നു കൂട്ടബലാല്സംഘം ചെയ്തു വഴിയില്‍ നഗ്നയായി ഉപേക്ഷിച്ചു... കേരളത്തില്‍ ജോലി ചെയ്യുന്ന ബംഗാളി യുവാവിനെ അന്വേഷിച്ചാണ് അവള്‍ ഇവിടെയെത്തിയത്..... തിരിച്ചു പോകാന്‍ പടിയൂരിലെക്കുള്ള വണ്ടി കാത്തു നില്‍ക്കുമ്പോള്‍ അത് വഴി വന്ന ഒരു ലോറിയിലുള്ളവര്‍  അവളെയും കൂടെയുള്ളവരെയും അവിടെ എതിക്കാമെന്നെറ്റു .... കൂടെയുള്ളവരുടെ വായില്‍ മദ്യമൊഴിച്ചു വണ്ടിയില്‍ പൂട്ടിയിട്ട ശേഷം അവളെ ക്രൂരമായി ബലാല്‍സംഘം ചെയ്തു... 
വാര്‍ത്ത‍ വായിച്ചു കഴിഞ്ഞു നേരെ ഫേസ് ബുക്ക്‌ തുറന്നു ... ഒരു ഈച്ച പോലും പ്രതികരിച്ചതായി കണ്ടില്ല... ആകെ ഒരാള്‍ അതെ കുറിച്ച് മിണ്ടിയത് കണ്ടു...അതിനു താഴെ വിരലില്‍ എണ്ണാവുന്ന കമന്റുകള്‍...  ...ഞാനും എന്റേതായ രീതിയില്‍ ഒരു കമന്റ്‌ ഇട്ടു ... രണ്ടു മൂന്നു ദിവസങ്ങള്‍ കഴിഞ്ഞിട്ടും ആരും മിണ്ടിയില്ല...
കഴിഞ്ഞ ശനിയാഴ്ച രാവിലെ "സ്ത്രീ കൂട്ടായ്മ" പ്രവര്‍ത്തകരുടെ കൂടെ പെണ്‍കുട്ടിയെ കാണാന്‍ ആശുപത്രിയിലേക്ക് ചെന്നുവെങ്കിലും കാണാന്‍ അനുവാദമുണ്ടായിരുന്നില്ല... കുറെ നേരത്തെ കാത്തിരിപ്പ്‌..  ..  അതിനിടയില്‍ പലരെയും പരിചയപ്പെട്ടു... മുമ്പ് പെണ്‍കുട്ടിയെ കാണാന്‍ അനുവദിച്ചിരുന്നു എന്നും സന്ദര്‍ശക പ്രവാഹം കുട്ടിയുടെ മാനസിക നില തെറ്റിക്കും എന്നും ഭയന്നാണ് ആരെയും കാണാന്‍ അനുവദിക്കാത്തത്...വൃത്തികെട്ട സഹതാപത്തോടെയുള്ള നോട്ടം ആര്‍ക്കാണ് സഹിക്കാന്‍ കഴിയുന്നത്‌..   ബംഗാളി ഭാഷ മാത്രമറിയുന്ന കുട്ടിയെ എന്നും കൌന്‍സില്ലിങ്ങിനു കൊണ്ടു പോകുമെങ്കിലും ഭാഷ അറിയാവുന്ന ഒരു നല്ല കൌന്സില്ലെര്‍ പോലുമില്ല... കുട്ടിയെ കാണാന്‍ കഴിഞ്ഞില്ലെങ്കിലും കൂടെ നില്‍ക്കുന്നവരെ കണ്ടാല്‍ മതി എന്നായി ഞങ്ങള്‍... ... അങ്ങനെ ഡി വൈ എസ് പി യുടെ പ്രത്യേക അനുമതിയോടെ കൂടെ നില്‍ക്കുന്ന ആളെ കാണാന്‍ ഒരാള്‍ക്ക് അനുമതി കിട്ടി... അങ്ങനെ ഞങ്ങളുടെ കൂടെയുള്ള അഡ്വ നന്ദിനിയും ദ്വിഭാഷിയായി ഫാ : മാര്‍ട്ടിനും അവരോടു സംസാരിച്ചു... അവര്‍ അവരെ കാണുമ്പോള്‍ അയാള്‍ കുട്ടിക്ക് ഭക്ഷണം വാങ്ങാന്‍ പോകുകയായിരുന്നു... സ്വന്തം കയ്യില്‍ നിന്നു കാശ് മുടക്കിയാണ് അവര്‍ ഭക്ഷണമെത്തിക്കുന്നത് ...അടിയന്തര സഹായമായി പ്രഖ്യാപിച്ച തുക അവര്‍ക്ക് ലഭിച്ചിട്ടുമുണ്ടായിരുന്നില്ല.. അയാള്‍ രോഗിയുടെ നാട്ടുകാരന്‍ മാത്രമാണ്... ദൈനംദിന ജോലിയും കൂലിയും ഉപേക്ഷിച്ചാണ് അവരവിടെ നില്‍ക്കുന്നത്... എത്രയും പെട്ടന്ന് തിരിച്ചു പോയാല്‍ മതിയെന്നാണ് അവര്‍ക്ക്... അവള്‍ക്കും... 
ജീവിതത്തിന്റെ പൊള്ളുന്ന യാഥാര്‍ത്ഥ്യങ്ങള്‍ക്കിടയില്‍  ഇവിടെ വന്നു കേസ് നടത്താന്‍ അവര്‍ക്ക് കഴിയില്ലായിരിക്കാം... അങ്ങനെ മറ്റു പല കേസുകളേയും പോലെ എവിടെയുമെത്താതെ ഈ കേസും മറഞ്ഞു പോയേക്കാം...അല്ലെങ്കിലും അവര്‍ക്ക് നീതി കിട്ടണം എന്ന് ആര്‍ക്കാണ് ആഗ്രഹം... കേരളത്തിലെ ഒരു  തീവണ്ടി യാത്രക്കിടയില്‍   "ഒറ്റക്കയ്യന്‍" തമിഴന്‍" "'' ഗോവിന്ദചാമിയാല്‍ പീഡിപ്പിക്കപ്പെട്ട സൌമ്യക്ക്‌ പിന്നില്‍ അണി നിരക്കാന്‍ എത്ര പേരായിരുന്നു... കേരളം മുഴുവന്‍ അവളുടെ അമ്മമാരും അച്ചന്മാരും ആങ്ങളമാരുമായി.. കെട്ടിയിട്ട മൃഗത്തെ ആക്രമിക്കുന്ന പോലെ ഗോവിന്ദ ചാമിയെ ആക്രമിക്കാന്‍ തക്കം പാര്ത്തിരിക്കുന്നവര്‍ വേറെ... ശരിയാണ് ഈ പെണ്‍കുട്ടി മരിച്ചിട്ടില്ല...ഇന്നും ജീവനോടെയിരിക്കുന്നു...പ്രതികരണ ശേഷിയുടെ കാര്യത്തില്‍ നമ്മള്‍ selective ആണ് ... നമ്മുടെ മനസ്സാക്ഷിക്കു മുന്നില്‍ പീഡിപ്പിക്കപ്പെട്ടു മരിക്കുന്നവര്‍ക്കാണ്‌  മുന്‍ഗണന..ജീവിച്ചിരിക്കുന്നവരുടെ അനുഭവങ്ങള്‍ കാണുമ്പോള്‍ മരിക്കുന്നതാണ് നല്ലത് എന്ന് ചിലരെങ്കിലും വിലപിക്കും.. മാത്രവുമല്ല പ്രതികള്‍ മലയാളികളാണ്....ഇര ഒരു ബംഗാളിയും...അന്യ സംസ്ഥാന തൊഴിലാളികള്‍ക്ക് അല്ലെങ്കിലും നമ്മളത്രയല്ലേ വില കല്‍പ്പിക്കാറുള്ളൂ  .. ബംഗാളിയായലെന്താ ഒരു ഉ കു ജ എങ്കിലും ആവണമായിരുന്നു...ഗോവിന്ദ ചാമി തമിഴനാണ്..ഒറ്റക്കയ്യനാണ്...പോരാത്തതിന് സമൂഹത്തില്‍ ഉന്നതസ്ഥാനങ്ങള്‍ വഹിക്കുന്നവനുമല്ല  .. സൌമ്യ ഒരു വ്യവസ്ഥാപിത പെണ്ണ് കാണലിന്റെ ആവശ്യത്തിനു വീട്ടിലേക്ക് വരുമ്പോഴാണ് പീടിപ്പിക്കപ്പെടുന്നത്...ഈ പെണ്‍കുട്ടിയോ എങ്ങാണ്ടുന്നോ കാമുകനെ കാണാന്‍ ഒറ്റയ്ക്ക് കേരളത്തിലേക്ക് ഇറങ്ങിത്തിരിച്ചവള്‍ .. എന്നിട്ട് ലോറിയിലും കയറി.."അഴിഞാട്ടക്കാരി"... 
ഇവിടെ ലിംഗപരമായ വിവേചനങ്ങള്‍ മാത്രമല്ല കാണാന്‍ കഴിയുന്നത്‌.., ഭാഷാപരമായും വര്ഗ്ഗപരമായും സാമ്പത്തികമായും സമൂഹ്യായും നമ്മള്‍ അവളെ അവഗണിക്കുകയാണ്... നമ്മുടെ കപട സദാചാരത്തിന്റെ കണ്ണുകള്‍ കൊണ്ടു നോക്കി ഈ ഇരയെയും കുറ്റക്കാരിയാക്കുകയാണ്..  ആക്രമിക്കപ്പെട്ട ഒരു മനുഷ്യജീവന്റെ വിലയെങ്കിലും ഇവള്‍ക്കില്ലേ ??