Friday, September 21, 2012

"ഉലഹന്നാന്‍ ബണ്ട്"...നന്മയുടെ മഴവിത്തുകള്‍


ഒരു ദൃശ്യമാധ്യമം എന്ന നിലയില്‍ സമകാലിക പ്രശ്നങ്ങളോട് പ്രതികരിക്കുന്നതില്‍ തിയേറ്ററിന്റെ സാധ്യതയെ കുറിച്ച് ഇനിയും പഠിക്കേണ്ടതുണ്ട്. സിനിമ പോലത്തെ ദൃശ്യമാധ്യമങ്ങളുടെ കടന്നുവരവ് നാടകം എന്ന കലയെ സാരമായി തന്നെ ബാധിച്ചിട്ടുണ്ടെങ്കിലും ജനങ്ങളുടെ ഇടയില്‍ നാടകത്തിനുള്ള പ്രസക്തി ഇനിയും നഷ്ടപ്പെട്ടിട്ടില്ല. മുഖ്യധാരാ മാധ്യമങ്ങള്‍ ഭരണകൂടത്തിന്റെ കോര്‍പ്പറേറ്റ് പ്രീണന നയങ്ങള്‍ കണ്ടില്ലെന്നു നടിക്കുകയും പല ജനകീയ സമരങ്ങളെയും വേണ്ട വിധത്തില്‍ ഗൌനിക്കാതിരിക്കുകയും ചെയ്യുമ്പോള്‍ ജനങ്ങള്‍ക്കിടയില്‍ ഇത്തരം മാധ്യമങ്ങള്‍ക്ക്‌ സ്വാധീനം ചെലുത്താന്‍ കഴിയും. "അനുപമ" പോലത്തെ ഗ്രാമീണ നാടക സംഘങ്ങള്‍ ആശ്വാസകരമാവുന്നത് അവിടെയാണ്.

ഒട്ടും പ്രതീക്ഷിക്കാതെയാണ് അനുപമയുടെ "ഉലഹന്നാന്‍ ബണ്ട്" എന്ന നാടകം കാണാന്‍ ചെല്ലുന്നത്. ഒരു സുഹൃത്തിന്റെ നാടകം കാണുക എന്നതിലുപരി മറ്റൊന്നും അങ്ങോട്ട്‌ പോകുമ്പോള്‍ മനസ്സില്‍ ഉണ്ടായിരുന്നില്ല. ഓട്ടോക്കാരന് പോലും കണ്ടുപിടിക്കാന്‍ വളരെ ബുദ്ധിമുട്ടേണ്ടി വന്ന ഗുരുവായൂരിനു അടുത്തുള്ള കാവീട് എന്ന ഉള്ഗ്രാമത്തിലെ ഒരു ചെറിയ എല്‍ പി സ്കൂളിലെ ഒട്ടേറെ പരിമിതികളുള്ള ഒരു ചെറിയ സ്റ്റേജിലാണ് നാടകം നടക്കുന്നത്. രാത്രി ഏഴു മണി ആവുമ്പോഴേക്കും സ്റ്റേജിനു മുന്നിലെ ഇരിപ്പിടങ്ങള്‍ നിറഞ്ഞിരുന്നു. ഒരു സിനിമക്കാരന്റെ ജാഡ ലവലേശമില്ലാതെ സെറ്റ്‌ ഒരുക്കുന്നതിനും മറ്റു കാര്യങ്ങള്‍ക്കും നേതൃത്വം കൊടുക്കുകയാണ് ശിവജി ഗുരുവായൂര്‍ എന്ന നടന്‍.. പ്രേക്ഷകരില്‍ ഭൂരിഭാഗവും സാധാരണക്കാരായിരുന്നു. വളരെ പ്രായം ചെന്ന ഒരു സ്ത്രീ ഒന്ന് രണ്ടു പേരുടെ സഹായത്തോടെ കഷ്ടപ്പെട്ട് നാടകസ്ഥലതെക്ക് നടന്നു നീങ്ങുന്നത് തെല്ലൊരു അത്ഭുതത്തോടെ നോക്കി നിന്നു. നാടകത്തിന് മുമ്പ് അതിന്റെ രചന നിര്‍വഹിച്ച ബാബു വയലതുര്‍ സംസാരിച്ചു, കേരള സംഗീത നാടക അക്കാദമിയുടെ അമേച്വര്‍ നാടക മത്സരത്തിന് അറുപതോളം എന്‍ട്രികളില്‍ നിന്നാണ് തികച്ചും ഗ്രാമീണനായ അദ്ദേഹത്തിന്റെ രചന തെരഞ്ഞെടുത്തത്. സ്റ്റേജിന്റെ പരിമിതിയെ കുറിച്ച് സംവിധായകനായ ശ്രീജിത്ത്‌ പൊയില്‍ക്കാവ് സംസാരിച്ചു. ഒട്ടേറെ പരീക്ഷണ നാടകങ്ങള്‍ മുമ്പും ചെയ്തിട്ടുള്ള ആളാണ്‌ ശ്രീജിത്ത്‌. 

വളരെ മനോഹരമായി അലങ്കരിച്ച സെറ്റ്‌. കഥയുടെ കേന്ദ്രം പേര് പോലെ തന്നെ "ഉലഹന്നാന്‍ ബണ്ട്" ആണ്. ഉലഹന്നാന്‍ എന്ന നന്മയുടെ പ്രതീകം സമൂഹനന്മക്കായി പണിതതാണ് "ഉലഹന്നാന്‍ ബണ്ട്". അവര്‍ തലമുറകളായി സമരവേദികളില്‍ നാടകം കളിച്ചു. ഉലഹന്നാന്റെ പുത്രനായ മിഖായേല്‍ പുതിയ തലമുറയുടെ പ്രതിനിധിയാണ്. സ്വന്തം സുഖത്തിനു മാത്രം പ്രാധാന്യം കൊടുത്തു ആരോടും പ്രതിബധതയില്ലാതെ ജീവിക്കാന്‍ കൊതിക്കുന്ന അരാഷ്ട്രീയവല്‍ക്കരിക്കപ്പെടുന്ന യുവ തലമുറയുടെ പ്രതിനിധി. മിഖായേല്‍ നഗരത്തിന്റെ പ്രതീകമാണ്. മിഖായേലിന്റെ ഭാര്യ ഒറോത ഗ്രാമത്തിന്റെ പ്രതീകവും. നഗരം പുരുഷനും ഗ്രാമം സ്ത്രീയും എന്ന സങ്കല്പത്തെ നാടകം നന്നായി അവതരിപ്പിക്കാന്‍ ശ്രമിച്ചു. നഗരം അതിന്റെ "കഴപ്പ്" മുഴുവന്‍ തീര്‍ക്കുന്നതും മദ്ധ്യവര്‍ഗ്ഗ- ഉപരിവര്‍ഗ സുഖലോലുപതയുടെ മാലിന്യങ്ങള്‍ മുഴുവന്‍ തള്ളുന്നതും ഗ്രാമത്തിലാണ്. ഗ്രാമം നഗരത്തിന്റെ കുത്തോഴുക്കിനെ തടയുകയാണ് ഉലഹന്നാന്‍ ബണ്ടിലൂടെ. 

മിഖായേല്‍ തങ്ങളുടെ ഉപജീവനമാര്‍ഗമായ വള്ളം വിറ്റ് ഒരു ബോംബ്‌ വാങ്ങാന്‍ തീരുമാനിക്കുന്നു. ബണ്ട് തകര്‍ക്കുന്നതിനു വേണ്ടിയാണ് ആ ബോംബ്‌... ..മിഖായേല്‍ വള്ളം വിറ്റു കിട്ടിയ കാശു കൊണ്ട് അരി വാങ്ങിച്ചു ഒറോതക്ക് കൊടുക്കുമ്പോള്‍ അരിക്കുണ്ടായിരുന്നത് ഗന്ധകപ്പാലയുടെ മണമായിരുന്നു.. ആ മണത്തിന്റെ ഉന്മാദത്തില്‍ മിഖായേല്‍ ഒറോതയെ ബലാല്സന്ഘം ചെയ്യുന്നു. മിഖായേല്‍ ബോംബ്‌ വാങ്ങിക്കാന്‍ പോകുന്ന കഥ ഗ്രാമത്തില്‍ പരക്കുന്നു.. അത് ഗ്രാമീണര്‍ക്ക് ആദ്യം ചിരിയാണ് ഉണ്ടാക്കിയതെന്കിലും ചവറുകൂനയാകാന്‍ പോകുന്ന, മുങ്ങിത്താഴാന്‍ പോകുന്ന ഗ്രാമത്തെ കുറിച്ചുള്ള ആശങ്കകള്‍ അവരെ അലട്ടുന്നു. മഴ ദുഖത്തെ ശുദ്ധീകരിക്കുന്നു... "എന്റെ ഉദരത്തില്‍ മഴവിത്ത് വളരുന്നു" എന്ന് ഒറോത പറയുമ്പോള്‍ അത് ജനിക്കാന്‍ പോകുന്ന നന്മയുടെ സൂചനയാണ്. ഒടുവില്‍ മിഖായേല്‍ എന്ന തിന്മയെ ഒറോത കൊല്ലുമ്പോള്‍ അവിടെ നന്മയുടെ പുതിയ ഉലഹന്നാന്‍ ജനിക്കുന്നു.. മഴവിത്തുകള്‍ ഗന്ധകപ്പാലയെ കീഴടക്കുന്നു..

നാടകം സമകാലീനമായ പല പ്രശ്നങ്ങളെക്കുറിച്ചും പ്രതിപാദിക്കുന്നു. പൊതുവഴിയിലൂടെ സഞ്ചരിക്കാന്‍ നികുതി കൊടുക്കേണ്ടി വരുന്ന അവസ്ഥയും മാലിന്യ പ്രശ്നത്തെയും വികസനം എന്ന പേരില്‍ നടക്കുന്ന നഗരവല്‍ക്കരണത്തെയുമെല്ലാം നാടകം നല്ല രീതിയില്‍ തന്നെ അവതരിപ്പിച്ചു. പാലിയേക്കര ടോല്‍ വിരുദ്ധ സമരവും വിളപ്പില്‍ശാല പ്രശ്നവുമെല്ലാം ഇതിനോട് കൂട്ടിവായിക്കാവുന്നതാണ്. മിഖായേലിന്റെ വേഷം ചെയ്ത ശിവജി ഗുരുവായൂരും ഒറോത എന്ന ശക്തയായ  സ്ത്രീ കഥാപാത്രത്തെ ചെയ്ത രജനി മുരളിയും മറ്റു അഭിനേതാക്കളും മികച്ച അഭിനയം കാഴ്ചവെച്ചു. കാവീട് പോലൊരു ഉള്ഗ്രാമാതിലുള്ള ജനങ്ങള്‍ക്ക് നാടകം നല്ലൊരു ദൃശ്യവിരുന്നായി. സാങ്കേതികമായും നാടകം മികവ് പുലര്‍ത്തി.

ജനങ്ങളുടെ പങ്കാളിത്തമാണ് നാടകത്തിന്റെ ശക്തി. ഒരു ജനകീയ കൂട്ടായ്മയില്‍ നിന്നാണ് ഈ നാടകം ഉണ്ടാവുന്നത്. കാവീട് എന്ന ചെറിയ ഗ്രാമത്തില്‍ നിന്നുള്ള ജനങ്ങളില്‍ നിന്ന് പിരിവു നടത്തിയാണ് നാടകം നടത്താനുള്ള തുക സമാഹരിച്ചത്. നാടകത്തില്‍ അഭിനയിച്ചവരില്‍ അധികവും പ്രദേശവാസികള്‍ തന്നെ. മത്സരത്തില്‍ നാടകത്തിന് എന്ത് സംഭവിച്ചാലും നാടകം കേരളമൊട്ടാകെ പ്രദര്‍ശിപ്പിക്കും എന്ന് "അനുപമ" പറയുന്നു.. ഇത് തന്നെയാണ് ഈ നാടകത്തിന്റെ വിജയവും. (മാധ്യമം വാരാദ്യത്തിൽ പ്രസിദ്ധീകരിച്ചത് )

Sunday, August 19, 2012

തട്ടത്തിന്‍ മറയത്തും പെണ്ണിന്റെ വിശുദ്ധിയും


"കറുത്ത തുണി പെണ്ണിന്റെ വിശുദ്ധിയെ മറയ്ക്കാനാണ്... അവളുടെ സ്വപ്നങ്ങളെയല്ല.."

"തട്ടതിന്‍ മറയത്തു" എന്ന സിനിമയില്‍ ശ്രീനിവാസന്റെ കഥാപാത്രം പറയുന്ന കയ്യടി നേടിയ സംഭാഷണം ആണിത്... തട്ടത്തില്‍ പൊതിഞ്ഞ വെളുത്ത പെണ്ണിനെ സ്നേഹിക്കുന്ന "നായര്‍ " ചെക്കന്റെ കഥ... ചെക്കന്റെ പ്രേമത്തിനെ സഹായിക്കാനെത്തുന്ന പ്രണയത്തിന്റെ മാഹാത്മ്യം വര്‍ണ്ണിക്കുന്ന പോലീസ് ഉദ്യോഗസ്ഥന്‍ സ്വന്തം ഭാര്യയുടെ കറുത്ത മുഖം കണ്ടു പേടിക്കുന്ന രംഗവും ഈ സിനിമയില്‍ ഉണ്ട്. അത്രമേല്‍ പിന്തിരിപ്പന്‍ എന്ന് തോന്നിയ ഒരു സിനിമയെ
 കുറിച്ച് വര്‍ണ്ണിക്കാനോ നിരൂപിക്കാണോ ഉദ്ദേശിക്കുന്നില്ല...

ഒഴിവു ദിവസമായതിനാല്‍ പയ്യന്നൂര്‍ ശാന്തി തീയെട്ടരില്‍ ഞാനും കൂട്ടുകാരന്‍ രേജെഷും കൂടി ഒരു സിനിമ കാണാന്‍ പോയതായിരുന്നു.. സിനിമയേക്കാള്‍ രസം തോന്നിയത് അവിടുത്തെ ഇരിപ്പ് വശങ്ങളായിരുന്നു... നേരത്തെ എത്തിയ ഞങ്ങള്‍ പിന്നിലത്തെ സീറ്റില്‍ ഇരിപ്പുറപ്പിച്ചു ചുറ്റുമുള്ളവരെ നിരീക്ഷിക്കലായി പണി.. ഞങ്ങളുടെ തൊട്ടു മുന്നില്‍ ഒരു ആണും ഒരു പെണ്ണും വന്നിരുന്നു.. പെണ്ണിനെ ആ വരിയുടെ തുറന്ന അരികില്‍ ഇരുത്തി അയാള്‍ ഉള്ളില്‍ കയറി ഇരുന്നു... കുറച്ചു കഴിഞ്ഞു അയാളുടെ അപ്പുറത്തെ സീറ്റില്‍ മൂന്നു വിദ്യാര്‍ഥിനികള്‍ വന്നിരുന്നപ്പോള്‍ അയാള്‍ അവളെ അവിടെയിരുത്തി അരികിലേക്ക് മാറിയിരുന്നു... ഇനി ഞങ്ങളുടെ വരിയിലെ അവസ്ഥ... ഞാനും രെജെഷും ആ വരിയില്‍ നടുവിലാണ് ഇരുന്നത്... മറ്റൊരു പുരുഷനും സ്ത്രീയും ഞങ്ങളുടെ വരിയിലേക്ക് വന്നു... അയാള്‍ സ്ത്രീയെ എന്റെ അടുത്തുള്ള സീറ്റില്‍ ഭദ്രമായി ഇരുത്തി അപ്പുറത്തെ സീടിലെക്ക് മാറിയിരുന്നു.. വേറൊരു സ്ത്രീയും പുരുഷനും വന്നപ്പോള്‍ അയാള്‍ രേജേഷിന്റെ അടുത്തുള്ള സീറ്റില്‍ ഇരുന്നു ഭാര്യയെ അയാളുടെ അടുത്തുള്ള സീറ്റില്‍ ഇരുത്തി.. ഭാഗ്യത്തിന് അതിനടുത്ത സീറ്റില്‍ ഉള്ളത് ഒരു സ്ത്രീയായിരുന്നു... സിനിമ തുടങ്ങി.. എന്റെ മുന്നിലെ സീറ്റില്‍ ഒരാളുടെ തല മറഞ്ഞത് കൊണ്ട് എനിക്ക് കാണാന്‍ സൌകര്യത്തിനു ഞാനും രെജെഷും തമ്മില്‍ സീറ്റ്‌ മാറി ഇരുന്നു... അപ്പോള്‍ സെറ്റിംഗ്സ് ആകെ തകിടം മറിഞ്ഞു... എന്റെ അടുത്തുണ്ടായിരുന്ന സ്ത്രീയും കൂടെയുള്ള പുരുഷനും ഒരു സീറ്റ്‌ അപ്പുറം മാറിയിരുന്നു... അവിടെ വേറെ പുരുഷന്മാരില്ലാതതിനാല്‍ അവരുടെ കാര്യം ശരിയായി.. മറു വശത്ത് ഒന്നും ചെയ്യാന്‍ പറ്റാത്ത അവസ്ഥയായി.. ആ പുരുഷന് മാറിയിരിക്കാന്‍ പറ്റാത്ത അവസ്ഥ.. അത്യാവശ്യം തിരക്കുള്ളതിനാല്‍ അയാള്‍ക്ക സിനിമ കഴിയുന്നത് വരെ ഒരു "അന്യ"സ്ത്രീയായ എന്നെ സഹിക്കേണ്ടി വന്നു.. മനപ്പൂര്‍വ്വം ചെയ്തതല്ലെന്കിലും ഇത് എന്ത് മാത്രം സങ്കീര്‍ണ്ണമായ അവസ്ഥയാണെന്ന് അപ്പോള്‍ തോന്നി.. പെണ്ണിന്റെ "വിശുദ്ധി"ക്ക് ഇത്ര മാത്രം വിലയുണ്ടെന്ന് അപ്പോഴാണ് മനസിലായത്.. അവളുടെ വിശുദ്ധി സംരക്ഷിക്കാന്‍ വേണ്ടി പുരുഷന്മാര്‍ക്ക്‌ എന്തൊക്കെ സഹിക്കേണ്ടി വരുന്നു.. !

Monday, February 20, 2012

ചിറകുകള്‍


"പൂമ്പാറ്റയുടെ കീറിപ്പോയ ചിറകുകള്‍ വീണ്ടും ശരിയാവുമോ ? "
പത്താം ക്ലാസ്സുകാരിയായ ഒരു കുഞ്ഞു കൂട്ടുകാരി വിളിച്ചപ്പോള്‍ ചോദിച്ചതാണ്..
ഉത്തരം എനിക്കറിയില്ല..എന്നാലും കാര്യമന്വേഷിച്ചു.. തന്‍റെ വീട്ടിലെ പൂച്ചക്കുഞ്ഞു "നത്തു കണ്ണി"യുടെ വായിലാണ് ചിറകു കീറിയ പൂമ്പാറ്റയെ കണ്ടത്... നത്തു കണ്ണിയെ അവള്‍ക്കിഷ്ടമാനെങ്കിലും അവളുടെ ഈ ക്രൂരത അവള്‍ക്കൊട്ടും ഇഷ്ടമായില്ല.. അതിന് നത്തിനെ കുറെ വഴക്ക് പറഞ്ഞു.. ഇപ്പോള്‍ പഴയ ഒരു ചെരുപ്പിന്റെ പെട്ടിയെടുത്ത് അതിന് കൂടുണ്ടാക്കി ശുശ്രൂഷിക്കാന്‍ ശ്രമിക്കുകയാണവള്‍.. ..
പൂമ്പാറ്റക്കു ചിറകു മുളക്കുമോ എന്നിപ്പോഴും എനിക്കറിയില്ല... എങ്കിലും അവള്‍ക്ക്‌ മുതിര്‍ന്നവരുടെ സ്വാര്‍ഥതയുടെ ചിറകു ഒരിക്കലും മുളക്കാതിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചു പോകുന്നു.....

Saturday, January 7, 2012

പ്രതികരണത്തിന്റെ മന:ശാസ്ത്രം ..ഞെട്ടിക്കുന്ന വാര്‍ത്തയായിരുന്നു അന്ന് പത്രത്തില്‍ കണ്ടത്... സ്നേഹിതനെ തേടി കേരളത്തിലെത്തിയ ബംഗാളി പെണ്‍കുട്ടിയെ ഇരിട്ടിയില്‍ വെച്ചു  നാല് പേര്‍ ചേര്‍ന്നു കൂട്ടബലാല്സംഘം ചെയ്തു വഴിയില്‍ നഗ്നയായി ഉപേക്ഷിച്ചു... കേരളത്തില്‍ ജോലി ചെയ്യുന്ന ബംഗാളി യുവാവിനെ അന്വേഷിച്ചാണ് അവള്‍ ഇവിടെയെത്തിയത്..... തിരിച്ചു പോകാന്‍ പടിയൂരിലെക്കുള്ള വണ്ടി കാത്തു നില്‍ക്കുമ്പോള്‍ അത് വഴി വന്ന ഒരു ലോറിയിലുള്ളവര്‍  അവളെയും കൂടെയുള്ളവരെയും അവിടെ എതിക്കാമെന്നെറ്റു .... കൂടെയുള്ളവരുടെ വായില്‍ മദ്യമൊഴിച്ചു വണ്ടിയില്‍ പൂട്ടിയിട്ട ശേഷം അവളെ ക്രൂരമായി ബലാല്‍സംഘം ചെയ്തു... 
വാര്‍ത്ത‍ വായിച്ചു കഴിഞ്ഞു നേരെ ഫേസ് ബുക്ക്‌ തുറന്നു ... ഒരു ഈച്ച പോലും പ്രതികരിച്ചതായി കണ്ടില്ല... ആകെ ഒരാള്‍ അതെ കുറിച്ച് മിണ്ടിയത് കണ്ടു...അതിനു താഴെ വിരലില്‍ എണ്ണാവുന്ന കമന്റുകള്‍...  ...ഞാനും എന്റേതായ രീതിയില്‍ ഒരു കമന്റ്‌ ഇട്ടു ... രണ്ടു മൂന്നു ദിവസങ്ങള്‍ കഴിഞ്ഞിട്ടും ആരും മിണ്ടിയില്ല...
കഴിഞ്ഞ ശനിയാഴ്ച രാവിലെ "സ്ത്രീ കൂട്ടായ്മ" പ്രവര്‍ത്തകരുടെ കൂടെ പെണ്‍കുട്ടിയെ കാണാന്‍ ആശുപത്രിയിലേക്ക് ചെന്നുവെങ്കിലും കാണാന്‍ അനുവാദമുണ്ടായിരുന്നില്ല... കുറെ നേരത്തെ കാത്തിരിപ്പ്‌..  ..  അതിനിടയില്‍ പലരെയും പരിചയപ്പെട്ടു... മുമ്പ് പെണ്‍കുട്ടിയെ കാണാന്‍ അനുവദിച്ചിരുന്നു എന്നും സന്ദര്‍ശക പ്രവാഹം കുട്ടിയുടെ മാനസിക നില തെറ്റിക്കും എന്നും ഭയന്നാണ് ആരെയും കാണാന്‍ അനുവദിക്കാത്തത്...വൃത്തികെട്ട സഹതാപത്തോടെയുള്ള നോട്ടം ആര്‍ക്കാണ് സഹിക്കാന്‍ കഴിയുന്നത്‌..   ബംഗാളി ഭാഷ മാത്രമറിയുന്ന കുട്ടിയെ എന്നും കൌന്‍സില്ലിങ്ങിനു കൊണ്ടു പോകുമെങ്കിലും ഭാഷ അറിയാവുന്ന ഒരു നല്ല കൌന്സില്ലെര്‍ പോലുമില്ല... കുട്ടിയെ കാണാന്‍ കഴിഞ്ഞില്ലെങ്കിലും കൂടെ നില്‍ക്കുന്നവരെ കണ്ടാല്‍ മതി എന്നായി ഞങ്ങള്‍... ... അങ്ങനെ ഡി വൈ എസ് പി യുടെ പ്രത്യേക അനുമതിയോടെ കൂടെ നില്‍ക്കുന്ന ആളെ കാണാന്‍ ഒരാള്‍ക്ക് അനുമതി കിട്ടി... അങ്ങനെ ഞങ്ങളുടെ കൂടെയുള്ള അഡ്വ നന്ദിനിയും ദ്വിഭാഷിയായി ഫാ : മാര്‍ട്ടിനും അവരോടു സംസാരിച്ചു... അവര്‍ അവരെ കാണുമ്പോള്‍ അയാള്‍ കുട്ടിക്ക് ഭക്ഷണം വാങ്ങാന്‍ പോകുകയായിരുന്നു... സ്വന്തം കയ്യില്‍ നിന്നു കാശ് മുടക്കിയാണ് അവര്‍ ഭക്ഷണമെത്തിക്കുന്നത് ...അടിയന്തര സഹായമായി പ്രഖ്യാപിച്ച തുക അവര്‍ക്ക് ലഭിച്ചിട്ടുമുണ്ടായിരുന്നില്ല.. അയാള്‍ രോഗിയുടെ നാട്ടുകാരന്‍ മാത്രമാണ്... ദൈനംദിന ജോലിയും കൂലിയും ഉപേക്ഷിച്ചാണ് അവരവിടെ നില്‍ക്കുന്നത്... എത്രയും പെട്ടന്ന് തിരിച്ചു പോയാല്‍ മതിയെന്നാണ് അവര്‍ക്ക്... അവള്‍ക്കും... 
ജീവിതത്തിന്റെ പൊള്ളുന്ന യാഥാര്‍ത്ഥ്യങ്ങള്‍ക്കിടയില്‍  ഇവിടെ വന്നു കേസ് നടത്താന്‍ അവര്‍ക്ക് കഴിയില്ലായിരിക്കാം... അങ്ങനെ മറ്റു പല കേസുകളേയും പോലെ എവിടെയുമെത്താതെ ഈ കേസും മറഞ്ഞു പോയേക്കാം...അല്ലെങ്കിലും അവര്‍ക്ക് നീതി കിട്ടണം എന്ന് ആര്‍ക്കാണ് ആഗ്രഹം... കേരളത്തിലെ ഒരു  തീവണ്ടി യാത്രക്കിടയില്‍   "ഒറ്റക്കയ്യന്‍" തമിഴന്‍" "'' ഗോവിന്ദചാമിയാല്‍ പീഡിപ്പിക്കപ്പെട്ട സൌമ്യക്ക്‌ പിന്നില്‍ അണി നിരക്കാന്‍ എത്ര പേരായിരുന്നു... കേരളം മുഴുവന്‍ അവളുടെ അമ്മമാരും അച്ചന്മാരും ആങ്ങളമാരുമായി.. കെട്ടിയിട്ട മൃഗത്തെ ആക്രമിക്കുന്ന പോലെ ഗോവിന്ദ ചാമിയെ ആക്രമിക്കാന്‍ തക്കം പാര്ത്തിരിക്കുന്നവര്‍ വേറെ... ശരിയാണ് ഈ പെണ്‍കുട്ടി മരിച്ചിട്ടില്ല...ഇന്നും ജീവനോടെയിരിക്കുന്നു...പ്രതികരണ ശേഷിയുടെ കാര്യത്തില്‍ നമ്മള്‍ selective ആണ് ... നമ്മുടെ മനസ്സാക്ഷിക്കു മുന്നില്‍ പീഡിപ്പിക്കപ്പെട്ടു മരിക്കുന്നവര്‍ക്കാണ്‌  മുന്‍ഗണന..ജീവിച്ചിരിക്കുന്നവരുടെ അനുഭവങ്ങള്‍ കാണുമ്പോള്‍ മരിക്കുന്നതാണ് നല്ലത് എന്ന് ചിലരെങ്കിലും വിലപിക്കും.. മാത്രവുമല്ല പ്രതികള്‍ മലയാളികളാണ്....ഇര ഒരു ബംഗാളിയും...അന്യ സംസ്ഥാന തൊഴിലാളികള്‍ക്ക് അല്ലെങ്കിലും നമ്മളത്രയല്ലേ വില കല്‍പ്പിക്കാറുള്ളൂ  .. ബംഗാളിയായലെന്താ ഒരു ഉ കു ജ എങ്കിലും ആവണമായിരുന്നു...ഗോവിന്ദ ചാമി തമിഴനാണ്..ഒറ്റക്കയ്യനാണ്...പോരാത്തതിന് സമൂഹത്തില്‍ ഉന്നതസ്ഥാനങ്ങള്‍ വഹിക്കുന്നവനുമല്ല  .. സൌമ്യ ഒരു വ്യവസ്ഥാപിത പെണ്ണ് കാണലിന്റെ ആവശ്യത്തിനു വീട്ടിലേക്ക് വരുമ്പോഴാണ് പീടിപ്പിക്കപ്പെടുന്നത്...ഈ പെണ്‍കുട്ടിയോ എങ്ങാണ്ടുന്നോ കാമുകനെ കാണാന്‍ ഒറ്റയ്ക്ക് കേരളത്തിലേക്ക് ഇറങ്ങിത്തിരിച്ചവള്‍ .. എന്നിട്ട് ലോറിയിലും കയറി.."അഴിഞാട്ടക്കാരി"... 
ഇവിടെ ലിംഗപരമായ വിവേചനങ്ങള്‍ മാത്രമല്ല കാണാന്‍ കഴിയുന്നത്‌.., ഭാഷാപരമായും വര്ഗ്ഗപരമായും സാമ്പത്തികമായും സമൂഹ്യായും നമ്മള്‍ അവളെ അവഗണിക്കുകയാണ്... നമ്മുടെ കപട സദാചാരത്തിന്റെ കണ്ണുകള്‍ കൊണ്ടു നോക്കി ഈ ഇരയെയും കുറ്റക്കാരിയാക്കുകയാണ്..  ആക്രമിക്കപ്പെട്ട ഒരു മനുഷ്യജീവന്റെ വിലയെങ്കിലും ഇവള്‍ക്കില്ലേ ??