Friday, August 7, 2009
ഇത്തിരി നേരം...
എല്ലാവരും ഉണ്ട് വീട്ടില്‍..രണ്ടു ദിവസം ഒഴിവുള്ളതുകൊണ്ട് വന്നതാണ്...വല്ലപ്പോഴുമൊക്കെയേ ഇങ്ങനത്തെ ഒരു ഒത്തുകൂടല്‍ ഉണ്ടാവൂ..എന്റെ അനിയത്തിക്ക് എന്ജിനിയറിങ്ങിനു ഒരു കോളേജില്‍ അഡ്മിഷന്‍ കിട്ടി എന്ന് പറഞ്ഞു.. അത് കേട്ടപ്പോള്‍ സന്തോഷം തോന്നിയെങ്കിലും അവിടുത്തെ ഫീസ് കേട്ടപ്പോള്‍ എന്തോ തോന്നി..ഒരു മനുഷ്യ ദൈവത്തിന്റെ പേരിലുള്ള കോളജാണ്..പണക്കാരെ സഹായിക്കാനാണ് ദൈവങ്ങള്‍ക്കും ഇപ്പോള്‍ താത്പര്യം എന്ന് തോന്നുന്നു.കുറെ കഴിഞ്ഞു സംസാരം വഴിമാറി..പത്രത്തില്‍ കണ്ട ഏതോ സ്ത്രീപീഡനത്തെ കുറിച്ചാണ് ചര്‍ച്ച..പതിവുപോലെ ഞാന്‍ ഒന്നും മിണ്ടാതെ എല്ലാം കേട്ടുകൊണ്ടിരുന്നു..വാദി പ്രതിയായി.ഒടുവില്‍ കുറ്റം മുഴുവന്‍ ആ പെണ്‍കുട്ടിയുടെയും അവളെ വളര്‍ത്തിയ മാതാപിതാക്കളുടെയും മേല്‍ ചെന്നു വീണു..അപ്പോഴും പ്രതി സുഖമായി കഴിയുന്നു...ഇതിനിടയില്‍ അച്ഛന്‍ അച്ഛന്റെ സ്കൂളിലെ ചില നിയമങ്ങളെ കുറിച്ചു പറഞ്ഞു ...പെണ്കുട്ടികള്‍ക്ലാസ്സില്‍ നേരത്തെ വരാന്‍ പാടില്ല.സ്കൂള്‍ വിട്ടാല്‍ പുറത്തിറങ്ങാന്‍ ആണ്കുട്ടികള്‍ക്കും പെണ്കുട്ടികള്ക്കും വേറെവേറെ സമയം..അപ്പോള്‍ ഞാന്‍ "ടോട്ടോച്ചാന്‍" എന്ന പുസ്തകത്തിലെ സ്കൂളിനെ പറ്റി ചിന്തിച്ചു.. അതിലെനീന്തല്‍ക്കുളം...ആണ്കുട്ടികളും പെണ്കുട്ടികളും അനാവശ്യമായ കൌതുകം വച്ചു പുലര്ത്താതിരിക്കന്‍ ശ്രദ്ധിച്ച ആ അധ്യാപകനെ കുറിച്ചും...അത്രയൊന്നും പറ്റില്ലെങ്കിലും ചെറുപ്പത്തിലെ ആണ്കുട്ടികളെ ഒരു ഭാഗത്തും പെണ്കുട്ടികളെ വേറൊരു ഭാഗത്തും ഇരുത്തുന്ന ആ സമ്പ്രദായം എങ്കിലും മാറിയിരുന്നെങ്കില്‍... !! ഞാന്‍ ചെറുപ്പത്തില്‍ പഠിച്ച സ്കൂളില്‍ അങ്ങനെയായിരുന്നു.പക്ഷെ പിന്നീട് പഠിച്ചത് ഒരു പെണ്‍പള്ളിക്കൂടത്തിലായിരുന്നു. അതിന്റേതായ പ്രശ്നങ്ങള്‍ എനിക്കുണ്ടായിരുന്നു...പ്ലസ് ടുവിനു ഞാന്‍ പഠിച്ച സ്കൂളില്‍ നിന്നും കുറച്ചൊക്കെ അത് മാറ്റിയെടുത്തെന്കിലും ഇപ്പോഴും അത് പൂര്‍ണ്ണമായി വിട്ടുമാറിയിട്ടില്ല.കോളേജ് ജീവിതവും എന്നില്‍ വലിയ സ്വാധീനം ചെലുത്തിയില്ല.പുറകിലത്തെ ബെഞ്ചിലിരുന്ന് സ്വപ്നം കാണുക എന്നുള്ളത് മാത്രമായി കോളേജ് ജീവിതത്തിന്റെ ഓര്‍മ്മയായി ബാക്കിയുള്ളത്.എങ്കിലും ഹോസ്റ്റല്‍ ജീവിതം നല്ല കുറച്ചു ഓര്‍മ്മകള്‍ നല്കി.അവിടെ ഞാന്‍ ഒരു കൊച്ചു താരമായിരുന്നതും ഞാനോര്‍ക്കുന്നു...എന്റെ പൊട്ടത്തരങ്ങള്‍ തന്നെയായിരുന്നു അതിന് കാരണവും..പിന്നെ എന്റെ പരിപ്പെടുക്കുന്ന സ്വഭാവവും.."പരിപ്പ്" എന്ന ഒരു ഓമനപ്പേര് തന്നെ എനിക്കുണ്ടായിരുന്നു.പിന്നെ ഇടയ്ക്കിടയ്ക്ക് ക്ലാസ്സു കട്ട് ചെയ്തു സിനിമയ്ക്കു പോകുന്നതും ഞങ്ങള്‍ ഹോസ്റ്റലിലെ കൂട്ടുകാരൊരുമിച്ചാണ്.കുറെ നാളായി അവരെയൊക്കെ ഒന്നു കണ്ടിട്ട്..ഇനി എപ്പോഴെങ്കിലും ഒക്കെ കാണാം.ഓര്‍ക്കുട്ടില്‍ ഉണ്ടാവുന്ന ഫോട്ടോ കമന്റ്സ് മാത്രമാണ് ഇപ്പോഴുള്ളത്..പിന്നെ വല്ലപ്പോഴും വരുന്ന സ്ക്രാപ്പുകളും..ഇതും കൂടിയില്ലെങ്കില്‍..ആര് ആരെ ഓര്‍ക്കാന്‍...എല്ലാവരും ഓരോ ഭാഗത്തായി...ഏതായാലും എല്ലാവര്‍ക്കും ഒരു സ്ക്രാപ്പ് അയക്കാം...കമ്പ്യൂട്ടറിന് അടുത്തേക്ക് നീങ്ങി...അങ്ങോട്ടേക്ക് അടുക്കാന്‍ പറ്റില്ല..ഇപ്പൊതന്നെ അവിടെ തിരക്കാണ്...എന്റെ കുഞ്ഞു അനുജന്മാരും അനിയത്തിമാരും...പിന്നെയാവാം... ചോറുണ്ണാനായി എന്ന് തോന്നുന്നു...അമ്മ വിളിക്കുന്നുണ്ട്...ഇന്നു ഉച്ചക്ക് ശേഷം തന്നെ എല്ലാവരും പോകും..പിന്നെ ഞാന്‍ വീണ്ടും ഒറ്റയ്ക്ക്...പണ്ടു എല്ലാവരും പോകുമ്പോ ഞാന്‍ ആരും കാണാതെ എവിടെയെങ്കിലും പോയിരുന്നു കരയാറുണ്ടായിരുന്നു.ഫോണും ഇന്റര്‍നെറ്റും ഒക്കെ ദൂരം കുറച്ചെങ്കിലും എന്തോ ഒരു ശൂന്യത തോന്നുന്നു..അമ്മുവിന്റെ വിളി എന്നെ ഉണര്‍ത്തി.."ചേച്ചീ വാ...ചോറുണ്ണാം..." ...ഞാന്‍ ഇവിടെയിരുന്നു ഇത്തിരി നേരം കൊണ്ടു ഒരുപാടു ദൂരം സഞ്ചരിച്ചിരിക്കുന്നു..അവളുടെ കുഞ്ഞു കൈകള്‍ എന്നെ മേശക്കരികിലേക്ക് കൊണ്ടുപോയി.
Monday, August 3, 2009
മുത്തശ്ശിക്കഥ
അമ്മമ്മയുടെ മടിയില്‍ കിടന്നു കഥ കേള്ക്കുകയാണവള്‍..അവളുടെ കുഞ്ഞു കണ്ണുകളിലെ ആകാംക്ഷ ഒന്നു കാണേണ്ടത് തന്നെയാണ്.മുയലിനെ ഒരു പാഠം പഠിപ്പിച്ച ആമയെ ഒന്നഭിനന്ദിക്കണമെന്നവള്‍ക്കു തോന്നി.മുന്തിരി കിട്ടാത്ത കുറുക്കനെ കുറിച്ചോര്‍ത്തു അവള്‍ സഹതപിച്ചു.മഹാബലിയെ ചവിട്ടിതാഴ്ത്തിയ വാമനനോട് ദേഷ്യം തോന്നി.രാജകുമാരിയെ തേടി കുതിരപ്പുറത്തു വരുന്ന രാജകുമാരന്‍..തന്റെ മുടിയിഴകളിലൂടെ നീങ്ങുന്ന വിരലുകളുടെ ഓട്ടവും കുതിരക്കുളമ്പടിയും..അവള് ഉറക്കത്തിലേക്കു വഴുതിവീണു .
കുതിരക്കുളമ്പടി ഇപ്പോഴും കേള്‍ക്കാം.വഴിതെറ്റിപ്പോയ രാജകുമാരന്‍.അവനെ കാത്തിരിക്കുന്ന രാജകുമാരി..ഒടുവില്‍ എല്ലാം മറന്നു എവിടെയോ ചെന്നെത്തിയ രാജകുമാരന്‍..കഥയുടെ ഗതി മാറിയപ്പോള്‍ അവള്‍ ഞെട്ടിയുണര്‍ന്നു...തലേന്ന് രാത്രി മുഴുവന്‍ കരഞ്ഞു തളര്‍ന്നു എപ്പോഴോ ഉറങ്ങിപ്പോയതാണ്.. ഇന്നലെ നടന്ന സംഭവങ്ങളുടെ ആഘാതം ഇതുവരെ വിട്ടൊഴിഞ്ഞിട്ടില്ല...എല്ലാം..എല്ലാം ഒരു മുത്തശ്ശിക്കഥയായിരുന്നുവോ..?ഇനിയെന്താ ചെയ്യുക..?എന്ത് ചെയ്യാന്‍..പണ്ടു അച്ഛന്‍ തമാശക്ക് പറയാറുണ്ടായിരുന്നു..വാക്കുകള്‍ പരസ്പരം മാറ്റി.."നമുക്കവരെ വെളിച്ചത്തു ചോറ് കൊടുത്തു ഇരുട്ടത്ത് കിടത്തി ഉറക്കാം !!!" ഒരു കുസൃതിച്ചിരിയോടെ അവളോര്‍ത്തു...
Subscribe to:
Posts (Atom)