Saturday, August 29, 2009
പവര്‍ കട്ട്
നിനക്കാത്ത നേരത്തുള്ള പവര്‍ കട്ട് അവള്‍ക്കൊരാശ്വാസമായി.ഇരുട്ടിനെ താന്‍ പ്രണയിക്കാന്‍ തുടങ്ങിയിരിക്കുന്നു.പണ്ടു ഇരുട്ട് അവള്‍ക്കു പേടിയായിരുന്നു. അന്ന് പേടിച്ചു അമ്മമ്മയുടെ മടിയില്‍ കിടക്കാറുള്ളതു അവള്‍ക്കിപ്പോഴും ഓര്‍മ്മയുണ്ട്.കുറുക്കന്റെ ഓരിയിടലും ചീവീടുകളുടെ ശബ്ദവും അവളെ ഭയപ്പെടുത്തിയിരുന്നു.ജനനത്തില്‍ നിന്നും മരണത്തിലേക്കുള്ള യാത്രയില്‍ ഇരുട്ടിനെ സ്നേഹിക്കാന്‍ തുടങ്ങി...നിഷ്കളങ്കതയില്‍ നിന്നും കാപട്യത്തിലേക്കെന്ന പോലെ..ഇരുട്ട് എന്തിനേയും വിഴുങ്ങുന്നു..ദുഖങ്ങളെ..കളവുകളെ ..തെളിവുകളെ...എല്ലാം...പകല്‍മാന്യന്മാര്‍ രാത്രിയില്‍ മുഖംമൂടികളഴിക്കുന്നു ..കുറുക്കന്മാര്‍ സ്വസ്ഥമായി പുറത്തിറങ്ങുന്നു..മനുഷ്യമൃഗങ്ങളെ പേടിക്കണ്ടല്ലോ..ഒന്നു മുറ്റത്തിറങ്ങി നോക്കാം..അനന്തമായ ആകാശവും ചന്ദ്രനും നക്ഷത്രങ്ങളും മിന്നാമിനുങ്ങുകളും തന്നെ മറന്നിട്ടുണ്ടാവുമോ..? ചെറുപ്പത്തില്‍ കോലായില്‍ വലിയ ചര്‍ച്ചകള്‍ നടക്കുമ്പോള്‍ മുറ്റത്തുള്ള ബെന്ചിന്മേല്‍ കിടന്നു ആകാശത്തേക്ക് നോക്കുന്ന ആ കൊച്ചു കുട്ടിയില്‍ നിന്നും താന്‍ എത്ര ദൂരം സന്ജരിച്ചിരിക്കുന്നു ! അന്ന് അവിടെ രാഷ്ട്രീയം ചര്‍ച്ച ചെയ്യാറുള്ള പലരുടെയും ശബ്ദം ഈ ഇരുട്ടില്‍ തന്നെ അലിഞ്ഞില്ലാതെയായി.ഇനിയവശേഷിക്കുന്നത് അവയില്‍ ഏതാനും ചില മുഖങ്ങള്‍ മാത്രം. അവരുടെ കാതുകള്‍ ഇന്നു ഏതെങ്കിലും വീടുകളില്‍ നിന്നു ചില വലിയ പെട്ടികള്‍ക്കു കാതോര്തിരിക്കുകയാവും..ചിലപ്പോള്‍ തന്നെ പോലെ ഏതെങ്കിലും കാന്താരികളോട് തര്‍ക്കിക്കുകയാവും.പുറത്തു ഒരു ചര്‍ച്ച . അടുക്കളയില്‍ പെണ്ണുങ്ങളുടെ മറ്റൊരു ചര്‍ച്ച..അവിടെ വിഷയം രാഷ്ട്രീയമോ ലോകകാര്യങ്ങളോ ഒന്നുമല്ല. ആരെയെങ്കിലും കുറിച്ചുള്ള പരദൂഷണം ആവും .പിന്നെ തെക്ക്യാകത്തു വയസ്സന്മാരുടെ ഒരു ഗ്യാങ്ങും ഉണ്ടാവും ചിലപ്പോള്‍.ബ്രിട്ടിഷ് ഭരണം വീണ്ടും വരണമെന്ന് ആഗ്രഹിക്കുന്ന ഒരു ന്യൂനപക്ഷം.വെറ്റിലയും അടക്കയും എല്ലാം ചേര്‍ത്ത് മുറുക്കാന്‍ ഇടിച്ചു കൊടുത്തു അവരെ സത്ക്കരിക്കാന്‍ താനും കൂടാറുണ്ട്..പതിഞ്ഞ സ്വരത്തില്‍ ആരും കേള്‍ക്കാതെയായിരിക്കും അവരുടെ സംഭാഷണം.."ഇനിക്കോര്മ്മെല്ലെ നാരാണീ...പണ്ട് ഓല് കുറുപ്പാളേന്നു തെകച്ചു വിളിക്കൂല്ല..ഇപ്പൊ എല്ലാരും ഏട്ടന്മാരല്ലേ...?ഓലിക്കിപ്പൊ ഇല്ലാതതെന്താ...ഇപ്പൊ ഓലല്ലെ കേമമ്മാര്.."..എല്ലാവരും നന്നാവുന്നതിലുള്ള കുശുമ്പ് ആ വാക്കുകളില്‍ പ്രകടമായിരിക്കും.എല്ലാം കേട്ട് മിണ്ടാതിരിക്കുന്ന താനും..ഒന്നിനും താന്‍ ചെവി കൊടുക്കാറില്ലെന്നാ അവരുടെ വിചാരം.പക്ഷെ താന്‍ എല്ലാം മനസ്സില്‍ പതിപ്പിച്ച വിവരം അവരറിയുന്നുണ്ടാവില്ല..ടി വിയുടെ വരവോടെ എല്ലാം പതുക്കെ നിന്നു..ഇന്ന് ഒരു പവര്‍ കട്ടിനു വേണ്ടി കൊതിക്കുകയാണ് താന്‍.കറന്റ് വന്നെന്നു തോന്നുന്നു.ഇപ്പൊ ഒരു സിനിമയുണ്ട്..ഇനിയാണ് തന്റെ സമയം.അവരുടെ തിരക്കൊഴിഞ്ഞു.ടൈം ടേബിള്‍ വച്ചാണ് ടി വി കാണല്‍...പാവം..അതിനു മാത്രം വിശ്രമമില്ല..!!!
Subscribe to:
Posts (Atom)