Wednesday, January 6, 2010

3-1-2010

ഒരു പുതുവര്‍ഷം തുടങ്ങിയിട്ട് ഞാന്‍ പുതിയ പ്രതിജ്ഞകളൊന്നുമെടുത്തില്ല.എങ്കിലും ഇന്നത്തെ ദിവസം ഞാനറിയാതെ തന്നെ എന്റെ മനസ്സ് പല പ്രതിജ്ഞകളുമെടുത്തു. വെറുതെയിരിക്കേണ്ട  എന്ന് കരുതി ഞായറാഴ്ച അച്ഛന്റെ കൂടെ ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ മേഖല സമ്മേളനത്തിന് പോകാന്‍ തീരുമാനിച്ചു.ഒരു എല്‍.പി സ്കൂളില്‍ വച്ചായിരുന്നു സമ്മേളനം.എത്തിയപ്പോള്‍ തന്നെ അവിടുത്തെ സ്ഥിതി ശോചനീയമായിരുന്നു.ആളുകള്‍ നന്നേ കുറവ്.അതില്‍ അഞ്ചോ ആരോ സ്ത്രീകള്‍ മാത്രം.വീട്ടിലെ പണി തീര്‍ക്കാതെ വന്നതിന്റെ സങ്കടം അവരുടെ വാക്കുകളിലുണ്ടായിരുന്നു.വളരെ നിഷ്കളങ്കരായ സ്ത്രീകള്‍.തിരക്കിനിടയിലും ഇതില്‍ പങ്കെടുക്കാനെത്തിയ അവരെ ഞാന്‍ മനസ്സാല്‍ സ്തുതിച്ചു.സ്ത്രീകള്‍ സ്വന്തം കാര്യം മാത്രം നോക്കി ഒതുങ്ങിക്കൂടാന്‍ ശ്രമിക്കുന്ന ഈ കാലത്ത് സമൂഹത്തിനു വേണ്ടി ഒരല്പ നേരം ചിലവിടാന്‍ ശ്രമിച്ച അവരുടെ നല്ല മനസ്സിനെ വാഴ്ത്താതെ വയ്യ.ആഭരണങ്ങളും ആഡംബരങ്ങളും സൌന്ദര്യവും കാഴ്ച വയ്ക്കുക എന്നത് മാത്രമാണ് ഇന്ന് മിക്ക സ്ത്രീകളുടെയും പ്രധാന ലക്‌ഷ്യം. ഉപഭോഗ സംസ്കാരത്തിന്റെ പാമ്പ് ഞാനുള്‍പ്പെടെ എല്ലാവരെയും വിഴുങ്ങിയിരിക്കുന്നു.


           പരിപാടി തുടങ്ങാരായപ്പോഴേക്കും ഒരുപാട് ആളുകള്‍ വന്നിരുന്നു.ഭൂമിയില്‍ കാലുകളുറപ്പിച്ചു ഒരു കയ്യില്‍ പുസ്തകവും രണ്ടു കൈകളും ആകാശത്തേക്കുയര്‍ത്തി നില്‍ക്കുന്ന പരിഷത്തിന്റെ ലോഗോ. പരിഷത്തില്‍ ഞാനൊരു പുതുമുഖമാണ്.പണ്ട് വിജ്ഞാനോല്സവങ്ങളില്‍ പങ്കെടുത്തിട്ടുള്ള പരിചയമല്ലാതെ എനിക്കതിനോട് പ്രത്യേകിച്ചൊരു ബന്ധവും ഉണ്ടായിരുന്നില്ല.ഉദ്ഘാടനം "ശാസ്ത്രവും സമൂഹവും" എന്ന ക്ലാസ്സോട് കൂടി തുടങ്ങി.പിന്നീട് നടന്ന ക്ലാസ്സുകളും എന്നെ വല്ലാതെ സ്വാധീനിച്ചു.പുതിയ രീതികള്‍.പുതിയ അനുഭവം.ഉച്ചക്ക് എല്ലാവരും ഒരുമിച്ചിരുന്നു ആ എല്‍.പി സ്കൂളിന്റെ ഉയരം കുറഞ്ഞ ബെഞ്ചുകളിലിരുന്നു ഭക്ഷണം കഴിച്ചു.ഇതുവരെ പരിചയമില്ലാത്ത ഒരുപാട് സുഹൃത്തുക്കള്‍..പണ്ട് അനായാസമായി ഇരുന്ന ആ ബെഞ്ചുകളില്‍ ഇന്നിരിക്കാന്‍ എന്ത് പ്രയാസം! ഭക്ഷണത്തിന് ശേഷം യൂനിറ്റുകളായി തിരിഞ്ഞുള്ള ചര്‍ച്ചയായിരുന്നു.ഞങ്ങളുടെ നാട്ടിലെ പ്രധാനപ്പെട്ട പ്രശ്നങ്ങലെയും കഴിഞ്ഞ ഒരു വര്‍ഷത്തെ പരിഷത്ത് പ്രവര്‍ത്തനങ്ങളെയും കുറിച്ചായിരുന്നു ചര്‍ച്ച ..എന്റെ മനസ്സിലും ചില ചെറിയ ആശയങ്ങള്‍ ഉദിച്ചു വന്നെങ്കിലും ഒരു പുതിയ കുട്ടിയെ പോലെ ഞാന്‍ ഒന്നും മിണ്ടാതെ എല്ലാം കേട്ടിരുന്നു.തീവണ്ടിമുറികളുള്ള ക്ലാസ്സില്‍ ആദ്യമായെത്തിയ ടോട്ടോചാന്റെ മനസ്സായിരുന്നു എനിക്കപ്പോള്‍.തുടര്‍ന്ന് ചര്‍ച്ച നടത്തിയ കാര്യങ്ങളുടെ അവതരണമായിരുന്നു.അതിനു ശേഷം ഞങ്ങളെല്ലാവരും കൂടി ഒരുപാട് പാട്ടുകള്‍ പാടി.ഒത്തൊരുമിച്ചു പാടുന്നതിന്റെ സുഖം ഒന്ന് വേറെ തന്നെയാണ്.


           പിരിയുന്നതിനു മുമ്പ് പുതിയ ആളുകള്‍ സ്വയം പരിചയപ്പെടുത്തണം എന്ന ആവശ്യം വന്നു.സ്ത്രീകള്‍ തന്നെ ആദ്യം മുന്നോട്ടു വരാന്‍ വേദിയിലിരുന്നവര്‍ ആവശ്യപ്പെട്ടു.ആദ്യം ചെന്ന രണ്ടു മൂന്നു സ്ത്രീകള്‍ പരിചയപ്പെടുത്തിയ ഫോര്‍മാറ്റ്‌ ഇതാണ്..ഉദാ:"ഞാന്‍ രമണി..രാജന്റെ ഭാര്യയാണ്.എന്റെ ഭര്‍ത്താവ് ഗള്‍ഫിലാണ്.എനിക്ക് രണ്ടു കുട്ടികളുണ്ട്"...ഇത് കേട്ട് വിഷിഷ്ടാതിധിയായി വന്ന ശ്രീ മണലില്‍ മോഹനന്‍ പറഞ്ഞു.."അങ്ങനെ പറയരുത്..എന്റെ ഭര്‍ത്താവാണ് രാജന്‍ എന്ന് പറയൂ" എന്ന്.അത് എനിക്ക് നന്നേ ബോധിച്ചു.തുടര്‍ന്ന് വന്ന എന്റെ പ്രായത്തിലുള്ള ഒരു പെണ്‍കുട്ടിയും അവളുടെ അച്ഛന്റെ പേരിലായിരുന്നു പരിചയപ്പെടുത്തിയത്.ഭാഗ്യത്തിന് എനിക്ക് പരിചയപ്പെടുത്തേണ്ടി വന്നിരുന്നില്ല.ഉണ്ടായിരുന്നെങ്കില്‍ തന്നെ ഞാനങ്ങനെ  പരിചയപ്പെടുത്തില്ലെന്നു മനസ്സില്‍ ഉറച്ചിരുന്നു.അല്പം വയസ്സായ ഒരു കൃഷിക്കാരന്റെ പരിചയപ്പെടുത്തലിനായിരുന്നു ഏറ്റവും അധികം കയ്യടി ലഭിച്ചത്."ഞാന്‍ ഒരു കൃഷിക്കാരനാണ്‌.."കാലം തെറ്റിയ കാലാവസ്ഥ" എന്ന ക്ലാസ്സില്‍ ഞാനുമുണ്ടായിരുന്നു.കുറെയധികം കാര്യങ്ങള്‍ മനസ്സിലാക്കാന്‍ കഴിഞ്ഞു.നിങ്ങളുടെ കൂടെ ഞാനുമുണ്ടാവും.."അയാളുടെ വാക്കുകളില്‍ പരിഷതിനോടുള്ള ഒരു വൈകാരിക സ്നേഹമുണ്ടായിരുന്നു.പരിഷത്തിന്റെ പേര് കേള്‍ക്കുന്നത് ഈയിടെയായി കുറവാണെങ്കിലും പരിഷത്തിനെ സ്നേഹിക്കുന്ന കുറെ പേരുണ്ടെന്ന് മനസ്സിലായി.


     വളരെ ഗൗരവമുള്ള ഒരുപാട് കാര്യങ്ങളും കൊച്ചു കൊച്ചു തമാശകളിലൂടെ ചില വലിയ കാര്യങ്ങളും പാട്ടുകളും രസമുള്ള സംസാരങ്ങളുമായി ഒരു നല്ല ഞായറാഴ്ച..കൂടാതെ പുതിയ കുറെയധികം പുതിയ സൌഹൃദങ്ങളും..എന്റെ ജീവിതത്തിലെ പാഴാക്കപ്പെടാത്ത അപൂര്‍വ്വം ഞായറാഴ്ച്ച്ചകളിലൊന്ന് :)