Saturday, October 24, 2009

രാത്രിമഴ

കോരിച്ചൊരിയുന്ന മഴ..വല്ലാത്ത തണുപ്പ്.ഇടയ്ക്കിടയ്ക്ക് മഴത്തുള്ളികള്‍ വന്നു കവിളില്‍ തട്ടി യാത്രയാവുന്നു.മഴയുടെ ശബ്ദത്തിനിടക്ക് ഈ കെ.എസ് .ആര്‍.ടീ സീ.ബസിന്റെ ശബ്ദം മുങ്ങിപ്പോയതുപോലെ...ഈ ശബ്ദം ഓര്‍മ്മകളെ എവിടെയൊക്കെയോ ചെന്നെത്തിക്കുന്നു..ഒക്ടോബറിലെ മഴ..അതിനുമുണ്ട് എന്തൊക്കെയോ പറയാന്‍.മഴ പലപ്പോഴും സമൃദ്ധിയുടെ ഉത്സവമാണ്..ബാല്യത്തിലേക്കുള്ള മടങ്ങിപ്പോക്കും..മുമ്പ് ഞങ്ങള്‍ക്ക് ബയോളജി പഠിപ്പിച്ചിരുന്ന ഒരു അധ്യാപകന്‍ പറഞ്ഞത് പോലെ പണ്ട് ആമ്നിയോടിക് ദ്രവത്തില്‍ കിടന്നതിന്റെ ഓര്‍മ്മയാവാം മനുഷ്യന്റെ വെള്ളത്തിനോടുള്ള ഒടുങ്ങാത്ത ആര്‍ത്തിക്കു കാരണം.ഈ മഴ പലതും ഓര്‍മ്മിപ്പിക്കുന്നു..സന്തോഷത്തിന്റെയും സങ്കടത്തിന്റെയും നാളുകള്‍..മഴയത്ത് മുങ്ങിക്കുളിച്ചു ഈറനോടെ അച്ചാച്ചന് ബലിയിട്ടത് അവസാനത്തെ ഓര്‍മ്മ..അന്ന് മഴക്കുണ്ടായിരുന്നത് ഒരു ശോകരാഗമായിരുന്നോ...
രാത്രി പെയ്യുന്ന മഴയ്ക്ക് മുമ്പൊക്കെ പ്രണയത്തിന്റെ താളമായിരുന്നു.ഇപ്പോള്‍ അവയ്ക്ക് പ്രത്യേകിച്ച് ഭാവാങ്ങളൊന്നും ഇല്ലാത്തതുപോലെ ...സുഗതകുമാരിയുടെ രാത്രിമഴ ഓര്‍മ്മ വരുന്നു.മഴയുടെ വിവിധ ഭാവങ്ങളെക്കുറിച്ച് അവര്‍ എത്ര മനോഹരമായാണ് എഴുതിയത്..ആ കവിത ഈണത്തില്‍ ചൊല്ലിത്തന്ന അധ്യാപികയെ ഒരിക്കലും മറക്കാന്‍ കഴിയില്ല..ലളിതമായ വസ്ത്രധാരണവും മുഖത്ത് ഒരു പുഞ്ചിരിയും മാത്രമുള്ള എന്റെ മനസ്സില്‍ വളരെ കുറഞ്ഞ നാളുകള്‍ കൊണ്ട് ഇടം നേടിയ എന്റെ പ്രിയപ്പെട്ട ടീച്ചര്‍..അപര്‍ണ ടീച്ചര്‍..വിവാഹിതയായ അവര്‍ സീമന്തരേഖയില്‍ സിന്ദൂരം ചാര്‍ത്തിയിരുന്നില്ല..ബി.എഡ് ട്രെയിനിങ്ങിനു ഒരു മാസത്തേക്ക് ഞങ്ങളുടെ സ്കൂളില്‍ വന്നതായിരുന്നു..മറ്റു സ്ത്രീകളില്‍ നിന്നും വളരെ വ്യത്യസ്തയായിരുന്നു അവര്‍.വ്യത്യസ്തമായ ചിന്താഗതി..ഏതു കാര്യത്തിനും സ്വന്തമായോരഭിപ്രായമുണ്ട് ടീച്ചര്‍ക്ക്‌.ക്ലാസ്സില്‍ എല്ലാവരും ശ്രദ്ധിക്കണമെന്ന ഒരു നിര്‍ബന്ധവുമുണ്ടായിരുന്നില്ല ടീച്ചര്‍ക്ക്‌.അന്നത്തെ വിദ്യാഭ്യാസരീതിയുടെ ഇടുങ്ങിയ തലങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തമായിരുന്നു ടീച്ചറുടെ കാഴ്ചപ്പാട്.അവരുടെ വ്യക്തിത്വം എന്നെ അമ്പരപ്പിക്കുക മാത്രമല്ല,ഇങ്ങനൊരു വ്യക്തിയെ കാണാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷവുമുണ്ടായിരുന്നു എനിക്ക്.. എല്ലാ തരം മതിലുകള്‍ക്കും പുറത്തു കടക്കണമെന്ന് അവര്‍ ആഗ്രഹിച്ചു..ഒരു നല്ല കവയിത്രി കൂടിയായിരുന്നു അവര്‍..
ട്രെയിനിംഗ് കാലാവധി കഴിഞ്ഞു പോകാന്‍ നേരം എന്റെ നോട്ടു പുസ്തകത്തിന്റെ അവസാനത്തെ പേജിലും അവര്‍ ചില വരികള്‍ കുറിച്ചു.."നിലവിലുള്ള വ്യവസ്ഥകളോട് കലഹിക്കാതിരിക്കാം ..കലഹിക്കുന്നവര്ക്കു സമൂഹം നല്‍കുന്ന പേരിനും പക്ഷെ ഒരു മധുരമുണ്ട്..നോക്കൂ..ധിക്കാരി എന്നാ വിളിയില്‍ അസൂയ നിറഞ്ഞിരിക്കുന്നു"..ഒരുപാട് നാള്‍ ഞാന്‍ ആ പേജും ടീച്ചറുടെ അഡ്രസ്സും സൂക്ഷിച്ചു വെച്ചെങ്കിലും പിന്നീട് എന്റെ കയ്യില്‍ നിന്നും അത് നഷ്ടപ്പെട്ടു..ഇപ്പോള്‍ അവര്‍ എവിടെയാണെന്നോ എന്ത് ചെയ്യുന്നെന്നോ എനിക്കറിയില്ല..ചിലര്‍ അങ്ങനെയാണ്..വളരെ കുറച്ചു നാളുകള്‍ കൊണ്ട് നമ്മെ ഒരുപാട് സ്വാധീനിക്കും...ഇന്നും ടീച്ചറും അവരുടെ നിറഞ്ഞ പുഞ്ചിരിയും ഈ വാക്കുകളും രാത്രിമഴയും എല്ലാം സുഖമുള്ള ഓര്‍മ്മകളാണ്.