Friday, September 21, 2012

"ഉലഹന്നാന്‍ ബണ്ട്"...നന്മയുടെ മഴവിത്തുകള്‍


ഒരു ദൃശ്യമാധ്യമം എന്ന നിലയില്‍ സമകാലിക പ്രശ്നങ്ങളോട് പ്രതികരിക്കുന്നതില്‍ തിയേറ്ററിന്റെ സാധ്യതയെ കുറിച്ച് ഇനിയും പഠിക്കേണ്ടതുണ്ട്. സിനിമ പോലത്തെ ദൃശ്യമാധ്യമങ്ങളുടെ കടന്നുവരവ് നാടകം എന്ന കലയെ സാരമായി തന്നെ ബാധിച്ചിട്ടുണ്ടെങ്കിലും ജനങ്ങളുടെ ഇടയില്‍ നാടകത്തിനുള്ള പ്രസക്തി ഇനിയും നഷ്ടപ്പെട്ടിട്ടില്ല. മുഖ്യധാരാ മാധ്യമങ്ങള്‍ ഭരണകൂടത്തിന്റെ കോര്‍പ്പറേറ്റ് പ്രീണന നയങ്ങള്‍ കണ്ടില്ലെന്നു നടിക്കുകയും പല ജനകീയ സമരങ്ങളെയും വേണ്ട വിധത്തില്‍ ഗൌനിക്കാതിരിക്കുകയും ചെയ്യുമ്പോള്‍ ജനങ്ങള്‍ക്കിടയില്‍ ഇത്തരം മാധ്യമങ്ങള്‍ക്ക്‌ സ്വാധീനം ചെലുത്താന്‍ കഴിയും. "അനുപമ" പോലത്തെ ഗ്രാമീണ നാടക സംഘങ്ങള്‍ ആശ്വാസകരമാവുന്നത് അവിടെയാണ്.

ഒട്ടും പ്രതീക്ഷിക്കാതെയാണ് അനുപമയുടെ "ഉലഹന്നാന്‍ ബണ്ട്" എന്ന നാടകം കാണാന്‍ ചെല്ലുന്നത്. ഒരു സുഹൃത്തിന്റെ നാടകം കാണുക എന്നതിലുപരി മറ്റൊന്നും അങ്ങോട്ട്‌ പോകുമ്പോള്‍ മനസ്സില്‍ ഉണ്ടായിരുന്നില്ല. ഓട്ടോക്കാരന് പോലും കണ്ടുപിടിക്കാന്‍ വളരെ ബുദ്ധിമുട്ടേണ്ടി വന്ന ഗുരുവായൂരിനു അടുത്തുള്ള കാവീട് എന്ന ഉള്ഗ്രാമത്തിലെ ഒരു ചെറിയ എല്‍ പി സ്കൂളിലെ ഒട്ടേറെ പരിമിതികളുള്ള ഒരു ചെറിയ സ്റ്റേജിലാണ് നാടകം നടക്കുന്നത്. രാത്രി ഏഴു മണി ആവുമ്പോഴേക്കും സ്റ്റേജിനു മുന്നിലെ ഇരിപ്പിടങ്ങള്‍ നിറഞ്ഞിരുന്നു. ഒരു സിനിമക്കാരന്റെ ജാഡ ലവലേശമില്ലാതെ സെറ്റ്‌ ഒരുക്കുന്നതിനും മറ്റു കാര്യങ്ങള്‍ക്കും നേതൃത്വം കൊടുക്കുകയാണ് ശിവജി ഗുരുവായൂര്‍ എന്ന നടന്‍.. പ്രേക്ഷകരില്‍ ഭൂരിഭാഗവും സാധാരണക്കാരായിരുന്നു. വളരെ പ്രായം ചെന്ന ഒരു സ്ത്രീ ഒന്ന് രണ്ടു പേരുടെ സഹായത്തോടെ കഷ്ടപ്പെട്ട് നാടകസ്ഥലതെക്ക് നടന്നു നീങ്ങുന്നത് തെല്ലൊരു അത്ഭുതത്തോടെ നോക്കി നിന്നു. നാടകത്തിന് മുമ്പ് അതിന്റെ രചന നിര്‍വഹിച്ച ബാബു വയലതുര്‍ സംസാരിച്ചു, കേരള സംഗീത നാടക അക്കാദമിയുടെ അമേച്വര്‍ നാടക മത്സരത്തിന് അറുപതോളം എന്‍ട്രികളില്‍ നിന്നാണ് തികച്ചും ഗ്രാമീണനായ അദ്ദേഹത്തിന്റെ രചന തെരഞ്ഞെടുത്തത്. സ്റ്റേജിന്റെ പരിമിതിയെ കുറിച്ച് സംവിധായകനായ ശ്രീജിത്ത്‌ പൊയില്‍ക്കാവ് സംസാരിച്ചു. ഒട്ടേറെ പരീക്ഷണ നാടകങ്ങള്‍ മുമ്പും ചെയ്തിട്ടുള്ള ആളാണ്‌ ശ്രീജിത്ത്‌. 

വളരെ മനോഹരമായി അലങ്കരിച്ച സെറ്റ്‌. കഥയുടെ കേന്ദ്രം പേര് പോലെ തന്നെ "ഉലഹന്നാന്‍ ബണ്ട്" ആണ്. ഉലഹന്നാന്‍ എന്ന നന്മയുടെ പ്രതീകം സമൂഹനന്മക്കായി പണിതതാണ് "ഉലഹന്നാന്‍ ബണ്ട്". അവര്‍ തലമുറകളായി സമരവേദികളില്‍ നാടകം കളിച്ചു. ഉലഹന്നാന്റെ പുത്രനായ മിഖായേല്‍ പുതിയ തലമുറയുടെ പ്രതിനിധിയാണ്. സ്വന്തം സുഖത്തിനു മാത്രം പ്രാധാന്യം കൊടുത്തു ആരോടും പ്രതിബധതയില്ലാതെ ജീവിക്കാന്‍ കൊതിക്കുന്ന അരാഷ്ട്രീയവല്‍ക്കരിക്കപ്പെടുന്ന യുവ തലമുറയുടെ പ്രതിനിധി. മിഖായേല്‍ നഗരത്തിന്റെ പ്രതീകമാണ്. മിഖായേലിന്റെ ഭാര്യ ഒറോത ഗ്രാമത്തിന്റെ പ്രതീകവും. നഗരം പുരുഷനും ഗ്രാമം സ്ത്രീയും എന്ന സങ്കല്പത്തെ നാടകം നന്നായി അവതരിപ്പിക്കാന്‍ ശ്രമിച്ചു. നഗരം അതിന്റെ "കഴപ്പ്" മുഴുവന്‍ തീര്‍ക്കുന്നതും മദ്ധ്യവര്‍ഗ്ഗ- ഉപരിവര്‍ഗ സുഖലോലുപതയുടെ മാലിന്യങ്ങള്‍ മുഴുവന്‍ തള്ളുന്നതും ഗ്രാമത്തിലാണ്. ഗ്രാമം നഗരത്തിന്റെ കുത്തോഴുക്കിനെ തടയുകയാണ് ഉലഹന്നാന്‍ ബണ്ടിലൂടെ. 

മിഖായേല്‍ തങ്ങളുടെ ഉപജീവനമാര്‍ഗമായ വള്ളം വിറ്റ് ഒരു ബോംബ്‌ വാങ്ങാന്‍ തീരുമാനിക്കുന്നു. ബണ്ട് തകര്‍ക്കുന്നതിനു വേണ്ടിയാണ് ആ ബോംബ്‌... ..മിഖായേല്‍ വള്ളം വിറ്റു കിട്ടിയ കാശു കൊണ്ട് അരി വാങ്ങിച്ചു ഒറോതക്ക് കൊടുക്കുമ്പോള്‍ അരിക്കുണ്ടായിരുന്നത് ഗന്ധകപ്പാലയുടെ മണമായിരുന്നു.. ആ മണത്തിന്റെ ഉന്മാദത്തില്‍ മിഖായേല്‍ ഒറോതയെ ബലാല്സന്ഘം ചെയ്യുന്നു. മിഖായേല്‍ ബോംബ്‌ വാങ്ങിക്കാന്‍ പോകുന്ന കഥ ഗ്രാമത്തില്‍ പരക്കുന്നു.. അത് ഗ്രാമീണര്‍ക്ക് ആദ്യം ചിരിയാണ് ഉണ്ടാക്കിയതെന്കിലും ചവറുകൂനയാകാന്‍ പോകുന്ന, മുങ്ങിത്താഴാന്‍ പോകുന്ന ഗ്രാമത്തെ കുറിച്ചുള്ള ആശങ്കകള്‍ അവരെ അലട്ടുന്നു. മഴ ദുഖത്തെ ശുദ്ധീകരിക്കുന്നു... "എന്റെ ഉദരത്തില്‍ മഴവിത്ത് വളരുന്നു" എന്ന് ഒറോത പറയുമ്പോള്‍ അത് ജനിക്കാന്‍ പോകുന്ന നന്മയുടെ സൂചനയാണ്. ഒടുവില്‍ മിഖായേല്‍ എന്ന തിന്മയെ ഒറോത കൊല്ലുമ്പോള്‍ അവിടെ നന്മയുടെ പുതിയ ഉലഹന്നാന്‍ ജനിക്കുന്നു.. മഴവിത്തുകള്‍ ഗന്ധകപ്പാലയെ കീഴടക്കുന്നു..

നാടകം സമകാലീനമായ പല പ്രശ്നങ്ങളെക്കുറിച്ചും പ്രതിപാദിക്കുന്നു. പൊതുവഴിയിലൂടെ സഞ്ചരിക്കാന്‍ നികുതി കൊടുക്കേണ്ടി വരുന്ന അവസ്ഥയും മാലിന്യ പ്രശ്നത്തെയും വികസനം എന്ന പേരില്‍ നടക്കുന്ന നഗരവല്‍ക്കരണത്തെയുമെല്ലാം നാടകം നല്ല രീതിയില്‍ തന്നെ അവതരിപ്പിച്ചു. പാലിയേക്കര ടോല്‍ വിരുദ്ധ സമരവും വിളപ്പില്‍ശാല പ്രശ്നവുമെല്ലാം ഇതിനോട് കൂട്ടിവായിക്കാവുന്നതാണ്. മിഖായേലിന്റെ വേഷം ചെയ്ത ശിവജി ഗുരുവായൂരും ഒറോത എന്ന ശക്തയായ  സ്ത്രീ കഥാപാത്രത്തെ ചെയ്ത രജനി മുരളിയും മറ്റു അഭിനേതാക്കളും മികച്ച അഭിനയം കാഴ്ചവെച്ചു. കാവീട് പോലൊരു ഉള്ഗ്രാമാതിലുള്ള ജനങ്ങള്‍ക്ക് നാടകം നല്ലൊരു ദൃശ്യവിരുന്നായി. സാങ്കേതികമായും നാടകം മികവ് പുലര്‍ത്തി.

ജനങ്ങളുടെ പങ്കാളിത്തമാണ് നാടകത്തിന്റെ ശക്തി. ഒരു ജനകീയ കൂട്ടായ്മയില്‍ നിന്നാണ് ഈ നാടകം ഉണ്ടാവുന്നത്. കാവീട് എന്ന ചെറിയ ഗ്രാമത്തില്‍ നിന്നുള്ള ജനങ്ങളില്‍ നിന്ന് പിരിവു നടത്തിയാണ് നാടകം നടത്താനുള്ള തുക സമാഹരിച്ചത്. നാടകത്തില്‍ അഭിനയിച്ചവരില്‍ അധികവും പ്രദേശവാസികള്‍ തന്നെ. മത്സരത്തില്‍ നാടകത്തിന് എന്ത് സംഭവിച്ചാലും നാടകം കേരളമൊട്ടാകെ പ്രദര്‍ശിപ്പിക്കും എന്ന് "അനുപമ" പറയുന്നു.. ഇത് തന്നെയാണ് ഈ നാടകത്തിന്റെ വിജയവും. (മാധ്യമം വാരാദ്യത്തിൽ പ്രസിദ്ധീകരിച്ചത് )