Monday, November 16, 2009

പുതിയ ബന്ധു

കോളേജ് ജീവിതം..അതിലുപരി ഹോസ്റ്റല്‍ ജീവിതം ഓര്‍മ്മകളിലിന്നും ഒരു വസന്തകാലമാണ്‌...ഇന്ന് അത് തരുന്നത് കൊച്ചു നൊമ്പരങ്ങളും..ഒച്ചപ്പാടുകളും ചെറിയ കുസൃതികളും തമാശകളും പിണക്കങ്ങളും പൊട്ടിത്തെറികളും രാത്രികാലങ്ങളിലെ നീണ്ട സംഭാഷണങ്ങളും വല്ലപ്പോഴും ഉള്ള സിനിമ കാണലും ഒക്കെ ഇന്നും മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നു..ജീവിതത്തിലെ ഏറ്റവും മനോഹരമായ ഒരു കാലഘട്ടമാണ് കൊഴിഞ്ഞു പോയതെന്ന് തോന്നുന്നു...പുതിയ സൌഹൃദങ്ങള്‍ പുതിയ ബന്ധങ്ങള്‍..ചിലത് നമ്മുടെ കൂടെ ജീവിതകാലം മുഴുവന്‍ കാണും..ചിലത് വന്നും പോയും കൊണ്ടിരിക്കും...മനസ്സില്‍ അവരുടെ കയ്യൊപ്പും പതിപ്പിച്ചു പോകുന്ന നിറമുള്ള ഓര്‍മ്മകളായി ജീവിതകാലം മുഴുവന്‍ നമ്മോടൊപ്പം കാണും..


കോളേജ് ജീവിതത്തിനിടയിലെ ഒരു ചെറിയ സംഭവം...കോളെജോ കൂട്ടുകാരോ ഒന്നുമല്ല പക്ഷെ ഇതിലെ പ്രധാന കഥാപാത്രം എന്ന് മാത്രം..പതിവുപോലെ ഒരു വെള്ളിയാഴ്ച ഉച്ചക്ക് ശേഷം ഞാനും എന്റെ കൂട്ടുകാരും ക്ലാസ്സ്‌ കട്ട്‌ ചെയ്തു സിനിമയ്ക്കു പോകാന്‍ തീരുമാനിച്ചു ...ഞങ്ങള്‍ അഞ്ചാറു പേരുണ്ടായിരുന്നു.തലശ്ശെരിയിലേക്കുള്ള ബസ്സില്‍ കയറി.. തിരക്ക് കുറഞ്ഞ ആ ബസ്സില്‍ ഞാനിരുന്നത് വയസ്സായ ഒരു സ്ത്രീയുടെ അടുത്താണ്.ശ്രദ്ധയില്ലാതെ ധരിച്ചിരിക്കുന്ന വേഷ്ടിയും മുണ്ടും..അലസമായി മാടിയോതുക്കിയ മുടി.മെലിഞ്ഞ ശരീരം.നെറ്റിയില്‍ ചന്ദനക്കുറി.ഏകദേശം എന്റെ അമ്മമ്മയെ പോലെയിരിക്കും.അതുകൊണ്ട് തന്നെ എനിക്കവരെ അങ്ങനെ വിളിക്കാനാനിഷ്ടം,,അവരുടെ രൂപമല്ല എന്നെ അങ്ങനെ വിളിക്കാന്‍ പ്രേരിപ്പിക്കുന്നത് എന്നത് മറ്റൊരു സത്യം..കാല്‍ മണിക്കൂര്‍ കൊണ്ട് അഗാധമായ ഒരു മാനസിക ബന്ധം ഞങ്ങള്‍ തമ്മില്‍ ഉടലെടുത്തു.

പതിവുപോലെ ഒരു സമയം ചോദിക്കലിലൂടെയാണ് ഞങ്ങള്‍ പരിചയപ്പെടുന്നത്.പിന്നെ അവര്‍ മെല്ലെ സംസാരിച്ചു തുടങ്ങി.."എടിയാ പടിക്കിന്നെ..?"."ഇവിടുള്ള എഞ്ചിനീയറിംഗ് കോളേജില്‍ "..അടുത്ത ചോദ്യം.. "ദിവസോം പോയി വരലാ...?."."അല്ല..ഹോസ്ടലിലാ . . "ഇപ്പൊ എങ്ങോട്ടാ...?"..അവരുടെ ചുണ്ടില്‍ നിന്നും ഒരുപാട് ചോദ്യങ്ങള്‍ ഉതിര്‍ന്നു വീണു.."ഇപ്പൊ പ്രോജെക്ടിന്റെ ആവശ്യത്തിനു ചില സാധനങ്ങള്‍ വാങ്ങാന്‍ പോകുന്നു "..ഒരു കൊച്ചു നുണയുടെ മറവില്‍ ഞാന്‍ ഒരു മര്യാദക്കാരിയായി..എങ്കിലും ഇത്ര നന്നായി എന്റെ സ്വകാര്യ വിവരങ്ങള്‍ അന്വേഷിക്കുന്ന അവരോടു എനിക്ക് ഇത്തിരി ദേഷ്യം തോന്നാതിരുന്നില്ല.."മോളെ കണ്ടാലറിയാം ഒരു പാവാനെന്ന്..അതുകൊണ്ട് പറയ്യാ...ചീത്ത കൂട്ടുകെട്ടുകളിലോന്നും ചെന്ന് ചാടരുത്.." അവര്‍ തുടര്‍ന്നു..ഇത് ഒരു പുതിയ കാര്യമല്ല..എന്നോട് പലരും പറഞ്ഞിട്ടുള്ളതാണ് എന്നെക്കണ്ടാല്‍ ഒരു പാവമാണെന്ന് തോന്നുമെന്ന്.എങ്കിലും അവരുടെ ഉപദേശത്തെ ഒരു ചെറുപുഞ്ചിരിയോടെ ഞാന്‍ സ്വീകരിച്ചു.പിന്നീടങ്ങോട്ട് ഉപദേശങ്ങളുടെ ഒരു പെരുമഴ തന്നെയായിരുന്നു..."നന്നായി പഠിക്കണം..നല്ലോണം ഭക്ഷണം കഴിക്കണം..എന്നാലല്ലേ പഠിക്കാന്‍ പറ്റൂ.." എല്ലാറ്റിനും ഞാന്‍ തലയാട്ടി..എനിക്കാണെങ്കില്‍ ചിരിയും വരുന്നുണ്ട്..എന്തിനവര്‍ എന്റെ കാര്യത്തില്‍ ഇത്ര താല്പര്യം കാണിക്കുന്നു എന്നെനിക്കു മനസ്സിലായില്ല..തലശ്ശേരി എത്താനാവുമ്പോള്‍ അവര്‍ പറഞ്ഞു.."ഇന്നെ കാണാന്‍ എന്റെ മോന്റെ മോളെ പോലെയിണ്ട്..ഓളും പഠിക്കാന്‍ മിടുക്കിയായിരുന്നു..പക്ഷെ പത്തു വരെയേ പടിചിക്കിള്ളൂ..അത് കയിഞ്ഞു ഓളെ അച്ഛന്‍ മരിച്ചു..പിന്നെ പഠിക്കാമ്പട്ടീല്ല .."

അത് പറഞ്ഞു കഴിഞ്ഞപ്പോള്‍ അവരുടെ മുഖഭാവമെന്താനെന്നു ഞാന്‍ നോക്കിയില്ല..പക്ഷെ എന്റെ കണ്ണുകള്‍ നനഞ്ഞിരുന്നു..അല്ലെങ്കിലും സ്നേഹത്തിനു മുമ്പിലാണല്ലോ ഞാനെന്നും കീഴടങ്ങാര് .ബസ്സിറങ്ങി നടക്കുമ്പോള്‍ ഞാന്‍ തീരുമാനിച്ചു,.നന്നായി പഠിക്കുമെന്ന്..സ്ക്രീനില്‍ സീനുകള്‍ മാറിമറിയുമ്പോഴും എന്റെ മനസ്സില്‍ തെളിഞ്ഞു വന്നത് അവരുടെ രൂപമായിരുന്നു..ഈ ലോകത്ത് എനിക്ക് കിട്ടിയ എന്റെ പുതിയ ബന്ധുവിന്റെ മുഖം..പിന്നീടൊരിക്കല്‍ പോലും ഞാനവരെ കണ്ടിട്ടില്ലെങ്കിലും...