Saturday, January 7, 2012

പ്രതികരണത്തിന്റെ മന:ശാസ്ത്രം ..



ഞെട്ടിക്കുന്ന വാര്‍ത്തയായിരുന്നു അന്ന് പത്രത്തില്‍ കണ്ടത്... സ്നേഹിതനെ തേടി കേരളത്തിലെത്തിയ ബംഗാളി പെണ്‍കുട്ടിയെ ഇരിട്ടിയില്‍ വെച്ചു  നാല് പേര്‍ ചേര്‍ന്നു കൂട്ടബലാല്സംഘം ചെയ്തു വഴിയില്‍ നഗ്നയായി ഉപേക്ഷിച്ചു... കേരളത്തില്‍ ജോലി ചെയ്യുന്ന ബംഗാളി യുവാവിനെ അന്വേഷിച്ചാണ് അവള്‍ ഇവിടെയെത്തിയത്..... തിരിച്ചു പോകാന്‍ പടിയൂരിലെക്കുള്ള വണ്ടി കാത്തു നില്‍ക്കുമ്പോള്‍ അത് വഴി വന്ന ഒരു ലോറിയിലുള്ളവര്‍  അവളെയും കൂടെയുള്ളവരെയും അവിടെ എതിക്കാമെന്നെറ്റു .... കൂടെയുള്ളവരുടെ വായില്‍ മദ്യമൊഴിച്ചു വണ്ടിയില്‍ പൂട്ടിയിട്ട ശേഷം അവളെ ക്രൂരമായി ബലാല്‍സംഘം ചെയ്തു... 
വാര്‍ത്ത‍ വായിച്ചു കഴിഞ്ഞു നേരെ ഫേസ് ബുക്ക്‌ തുറന്നു ... ഒരു ഈച്ച പോലും പ്രതികരിച്ചതായി കണ്ടില്ല... ആകെ ഒരാള്‍ അതെ കുറിച്ച് മിണ്ടിയത് കണ്ടു...അതിനു താഴെ വിരലില്‍ എണ്ണാവുന്ന കമന്റുകള്‍...  ...ഞാനും എന്റേതായ രീതിയില്‍ ഒരു കമന്റ്‌ ഇട്ടു ... രണ്ടു മൂന്നു ദിവസങ്ങള്‍ കഴിഞ്ഞിട്ടും ആരും മിണ്ടിയില്ല...
കഴിഞ്ഞ ശനിയാഴ്ച രാവിലെ "സ്ത്രീ കൂട്ടായ്മ" പ്രവര്‍ത്തകരുടെ കൂടെ പെണ്‍കുട്ടിയെ കാണാന്‍ ആശുപത്രിയിലേക്ക് ചെന്നുവെങ്കിലും കാണാന്‍ അനുവാദമുണ്ടായിരുന്നില്ല... കുറെ നേരത്തെ കാത്തിരിപ്പ്‌..  ..  അതിനിടയില്‍ പലരെയും പരിചയപ്പെട്ടു... മുമ്പ് പെണ്‍കുട്ടിയെ കാണാന്‍ അനുവദിച്ചിരുന്നു എന്നും സന്ദര്‍ശക പ്രവാഹം കുട്ടിയുടെ മാനസിക നില തെറ്റിക്കും എന്നും ഭയന്നാണ് ആരെയും കാണാന്‍ അനുവദിക്കാത്തത്...വൃത്തികെട്ട സഹതാപത്തോടെയുള്ള നോട്ടം ആര്‍ക്കാണ് സഹിക്കാന്‍ കഴിയുന്നത്‌..   ബംഗാളി ഭാഷ മാത്രമറിയുന്ന കുട്ടിയെ എന്നും കൌന്‍സില്ലിങ്ങിനു കൊണ്ടു പോകുമെങ്കിലും ഭാഷ അറിയാവുന്ന ഒരു നല്ല കൌന്സില്ലെര്‍ പോലുമില്ല... കുട്ടിയെ കാണാന്‍ കഴിഞ്ഞില്ലെങ്കിലും കൂടെ നില്‍ക്കുന്നവരെ കണ്ടാല്‍ മതി എന്നായി ഞങ്ങള്‍... ... അങ്ങനെ ഡി വൈ എസ് പി യുടെ പ്രത്യേക അനുമതിയോടെ കൂടെ നില്‍ക്കുന്ന ആളെ കാണാന്‍ ഒരാള്‍ക്ക് അനുമതി കിട്ടി... അങ്ങനെ ഞങ്ങളുടെ കൂടെയുള്ള അഡ്വ നന്ദിനിയും ദ്വിഭാഷിയായി ഫാ : മാര്‍ട്ടിനും അവരോടു സംസാരിച്ചു... അവര്‍ അവരെ കാണുമ്പോള്‍ അയാള്‍ കുട്ടിക്ക് ഭക്ഷണം വാങ്ങാന്‍ പോകുകയായിരുന്നു... സ്വന്തം കയ്യില്‍ നിന്നു കാശ് മുടക്കിയാണ് അവര്‍ ഭക്ഷണമെത്തിക്കുന്നത് ...അടിയന്തര സഹായമായി പ്രഖ്യാപിച്ച തുക അവര്‍ക്ക് ലഭിച്ചിട്ടുമുണ്ടായിരുന്നില്ല.. അയാള്‍ രോഗിയുടെ നാട്ടുകാരന്‍ മാത്രമാണ്... ദൈനംദിന ജോലിയും കൂലിയും ഉപേക്ഷിച്ചാണ് അവരവിടെ നില്‍ക്കുന്നത്... എത്രയും പെട്ടന്ന് തിരിച്ചു പോയാല്‍ മതിയെന്നാണ് അവര്‍ക്ക്... അവള്‍ക്കും... 
ജീവിതത്തിന്റെ പൊള്ളുന്ന യാഥാര്‍ത്ഥ്യങ്ങള്‍ക്കിടയില്‍  ഇവിടെ വന്നു കേസ് നടത്താന്‍ അവര്‍ക്ക് കഴിയില്ലായിരിക്കാം... അങ്ങനെ മറ്റു പല കേസുകളേയും പോലെ എവിടെയുമെത്താതെ ഈ കേസും മറഞ്ഞു പോയേക്കാം...അല്ലെങ്കിലും അവര്‍ക്ക് നീതി കിട്ടണം എന്ന് ആര്‍ക്കാണ് ആഗ്രഹം... കേരളത്തിലെ ഒരു  തീവണ്ടി യാത്രക്കിടയില്‍   "ഒറ്റക്കയ്യന്‍" തമിഴന്‍" "'' ഗോവിന്ദചാമിയാല്‍ പീഡിപ്പിക്കപ്പെട്ട സൌമ്യക്ക്‌ പിന്നില്‍ അണി നിരക്കാന്‍ എത്ര പേരായിരുന്നു... കേരളം മുഴുവന്‍ അവളുടെ അമ്മമാരും അച്ചന്മാരും ആങ്ങളമാരുമായി.. കെട്ടിയിട്ട മൃഗത്തെ ആക്രമിക്കുന്ന പോലെ ഗോവിന്ദ ചാമിയെ ആക്രമിക്കാന്‍ തക്കം പാര്ത്തിരിക്കുന്നവര്‍ വേറെ... ശരിയാണ് ഈ പെണ്‍കുട്ടി മരിച്ചിട്ടില്ല...ഇന്നും ജീവനോടെയിരിക്കുന്നു...പ്രതികരണ ശേഷിയുടെ കാര്യത്തില്‍ നമ്മള്‍ selective ആണ് ... നമ്മുടെ മനസ്സാക്ഷിക്കു മുന്നില്‍ പീഡിപ്പിക്കപ്പെട്ടു മരിക്കുന്നവര്‍ക്കാണ്‌  മുന്‍ഗണന..ജീവിച്ചിരിക്കുന്നവരുടെ അനുഭവങ്ങള്‍ കാണുമ്പോള്‍ മരിക്കുന്നതാണ് നല്ലത് എന്ന് ചിലരെങ്കിലും വിലപിക്കും.. മാത്രവുമല്ല പ്രതികള്‍ മലയാളികളാണ്....ഇര ഒരു ബംഗാളിയും...അന്യ സംസ്ഥാന തൊഴിലാളികള്‍ക്ക് അല്ലെങ്കിലും നമ്മളത്രയല്ലേ വില കല്‍പ്പിക്കാറുള്ളൂ  .. ബംഗാളിയായലെന്താ ഒരു ഉ കു ജ എങ്കിലും ആവണമായിരുന്നു...ഗോവിന്ദ ചാമി തമിഴനാണ്..ഒറ്റക്കയ്യനാണ്...പോരാത്തതിന് സമൂഹത്തില്‍ ഉന്നതസ്ഥാനങ്ങള്‍ വഹിക്കുന്നവനുമല്ല  .. സൌമ്യ ഒരു വ്യവസ്ഥാപിത പെണ്ണ് കാണലിന്റെ ആവശ്യത്തിനു വീട്ടിലേക്ക് വരുമ്പോഴാണ് പീടിപ്പിക്കപ്പെടുന്നത്...ഈ പെണ്‍കുട്ടിയോ എങ്ങാണ്ടുന്നോ കാമുകനെ കാണാന്‍ ഒറ്റയ്ക്ക് കേരളത്തിലേക്ക് ഇറങ്ങിത്തിരിച്ചവള്‍ .. എന്നിട്ട് ലോറിയിലും കയറി.."അഴിഞാട്ടക്കാരി"... 
ഇവിടെ ലിംഗപരമായ വിവേചനങ്ങള്‍ മാത്രമല്ല കാണാന്‍ കഴിയുന്നത്‌.., ഭാഷാപരമായും വര്ഗ്ഗപരമായും സാമ്പത്തികമായും സമൂഹ്യായും നമ്മള്‍ അവളെ അവഗണിക്കുകയാണ്... നമ്മുടെ കപട സദാചാരത്തിന്റെ കണ്ണുകള്‍ കൊണ്ടു നോക്കി ഈ ഇരയെയും കുറ്റക്കാരിയാക്കുകയാണ്..  ആക്രമിക്കപ്പെട്ട ഒരു മനുഷ്യജീവന്റെ വിലയെങ്കിലും ഇവള്‍ക്കില്ലേ ??

Friday, September 2, 2011

The Circle


ജാഫര്‍ പനാഹിയുടെ ഇറാനിയന്‍ സിനിമയായ "The Circle " കണ്ടു...ഇറാനിയന്‍ സ്ത്രീകള്‍ അനുഭവിക്കുന്ന കഷ്ടപ്പാടുകള്‍ ചിത്രം നന്നായി അവതരിപ്പിച്ചിരിക്കുന്നു...മകള്‍ക്ക് പെണ്‍കുഞ്ഞു ജനിച്ചു എന്ന വാര്‍ത്ത‍ കേട്ടു അവളെ മരുമകന്‍ വിവാഹമോചനം ചെയ്യുമോ എന്ന് പേടിക്കുന്ന ഒരു അമ്മയില്‍ നിന്നാണ് കഥ തുടങ്ങുന്നത്...അതിനിടയില്‍ ഒരു ടെലിഫോണ്‍ ബൂത്തില്‍ വെച്ചു കാണുന്ന മൂന്നു സ്ത്രീകളിലേക്ക്(അന്നേ ദിവസം ജയില്‍ വിമോചിതരായ) ശ്രദ്ധ തിരിക്കുന്നു...കൂട്ടുകാരിയുടെ യാത്ര ചെലവിനു വേണ്ടി സ്വര്‍ണം പണയം വെക്കാന്‍ ശ്രമിക്കുന്ന ഒരുവളെ അപ്പോള്‍ തന്നെ അറസ്റ്റ് ചെയ്യുന്നു..ഇതിനിടയില്‍ പല സ്ത്രീ കഥാപാത്രങ്ങളെയും പരിചയപ്പെടുത്തുന്ന കഥ, പക്ഷെ ആരുടേയും കഥ മുഴുമിപ്പിക്കാതെ ശേഷം ഭാഗം പ്രേക്ഷകരുടെ ഭാവനക്ക് വിട്ടു കൊണ്ടു അടുത്ത കഥാപാത്രത്തിലേക്ക് നീങ്ങുന്നു...പുരുഷന്റെ അകമ്പടിയില്ലാതെ യാത്ര ചെയ്യാനോ ഹോട്ടലില്‍ മുറി എടുക്കാനോ കഴിയാതെ കഷ്ടപ്പെടുന്ന സ്ത്രീകളെയും മകള്‍ക്കായി എവിടെയോ കാത്തിരിക്കുന്ന നല്ല ഭാവി ഓര്‍ത്തു അവളെ ഉപേക്ഷിക്കാന്‍ ശ്രമിക്കുന്ന അമ്മയെയും ഭര്‍ത്താവിന്റെയോ ഭര്‍ത്താവിന്റെ വീട്ടുകാരുടെയോ അനുവാദമില്ലാതെ അബോര്‍ഷന്‍ ചെയ്യാന്‍ കഴിയാതെ വിഷമിക്കുന്ന സ്ത്രീയെയും ചിത്രം തുറന്ന് കാണിക്കുന്നു...ബന്ധുവല്ലാത്ത ഒരു പുരുഷന്റെ കൂടെ യാത്ര ചെയ്തതിനു ജയിലിലടക്കപ്പെട്ട സ്ത്രീകഥാപാത്രമാണ് ഒടുവിലത്തേത്...അതെ ജയിലില്‍ തന്നെ ഈ ചിത്രത്തിലെ ഇതുവരെ കണ്ട മറ്റു കഥാപാത്രങ്ങളെയും കൂടി കാണിക്കുന്നു...ഒരു ഫോണ്‍ കോളിനെ തുടര്‍ന്ന് കാവല്‍ക്കാരന്‍ Solmaz Gholami (കുഞ്ഞിനെ ഉപേക്ഷിച്ച അമ്മ) എന്ന സ്ത്രീയെ വിളിക്കുന്നതോട് കൂടി ആ വൃത്തം പൂര്‍ണ്ണമായി...പുറം ലോകവുമായി ബന്ധിപ്പിക്കുന്ന ആ ചെറുവിടവ് അടക്കുന്നതോട് കൂടി ചിത്രം അവസാനിക്കുന്നു....

Tuesday, June 28, 2011

സദാ"ചാരം"..ചില സംശയങ്ങള്‍...

എന്താണ് 'സദാചാരം' ? ഈയിടെ നടന്ന ഒരു സംഭവം  കേട്ടപ്പോള്‍ ചില സംശയങ്ങള്‍ തോന്നിപ്പോകുന്നു..ഒരു സ്ത്രീ ഒരു പുരുഷന്റെ കൂടെ 'അസമയത്ത്' ബൈക്കില്‍ സഞ്ചരിച്ചാല്‍ അത് സദാചാരലംഘനമാണ് എന്ന് സദാചാരകമ്മിറ്റി.. സദാചാര  കമ്മിറ്റിയിലെ ചില അംഗങ്ങള്‍ അവരെ ചോദ്യം ചെയ്തു..ചോദ്യങ്ങള്‍ക്കുത്തരം പറയാന്‍ വിസമ്മതിച്ച വ്യക്തിയോട്..."ഇത് കേരളമാണ്..കേരളത്തെ ബംഗ്ലൂര്‍ ആക്കാന്‍ സമ്മതിക്കില്ല" എന്ന് സദാചാര കമ്മിറ്റി..വാക്കേറ്റം കയ്യേറ്റമായി..ഇതിനെതിരെ പ്രതികരിച്ച യുവതിയെ ചില പത്രങ്ങളും ക്രൂരമായി ആക്രമിച്ചു..അതിനുവേണ്ടി ചരിത്രവും ഭൂമിശാസ്ത്രവും വരെ അവര്‍ എടുത്തിട്ടു.

നൈറ്റ്‌ ഷിഫ്റ്റ്‌ ജോലിക്ക് പോകാന്‍ വേറെ വഴിയുണ്ടായിട്ടും അവര്‍ എന്തിനു ഈ വഴിയിലൂടെ പോയി ?കമ്പനി വാഹനമുണ്ടായിട്ടും എന്തിനു ആണ്‍ സുഹൃത്തിന്റെ ബൈക്കില്‍ യാത്ര ചെയ്തു ? ഇതിനിടയില്‍ ഇരുട്ടിന്റെ മറവില്‍ എന്തിനു ചായ കുടിക്കാന്‍ വണ്ടി നിര്‍ത്തി ? തുടങ്ങിയവയായിരുന്നു കമ്മിറ്റിക്കാരുടെ ചോദ്യങ്ങള്‍.എന്താണ് 'അസമയം' ? ഇതേ 'അസമയത്ത്' ഇതേ കാര്യങ്ങള്‍ ഒരു പുരുഷനോ രണ്ടു പുരുഷന്മാരോ ചേര്‍ന്ന് ചെയ്‌താല്‍ അത് സദാചാരലംഘനമാവുമോ? ചായ കുടിക്കുക എന്ന് പറഞ്ഞാല്‍ അത് ഒരു വലിയ തെറ്റാണോ ?

മറ്റുള്ളവരെ ഉപദ്രവിക്കാത്ത അന്യന്റെ സ്വകാര്യതകളിലേക്ക് ഒളിഞ്ഞു നോക്കി കഥകള്‍ മെനഞ്ഞുണ്ടാക്കി അവരെ ചോദ്യം ചെയ്തു സമൂഹത്തിന്റെ മുന്നില്‍ നികൃഷ്ടരായി ചിത്രീകരിക്കുന്നതാണോ സദാചാരം ?ഇതിനു കൂട്ട് നില്‍ക്കാന്‍ കുറെ പത്രങ്ങളും.സമൂഹത്തില്‍ ഭൂരിപക്ഷം പേരും സദാചാര കമ്മിറ്റിയില്‍ അംഗങ്ങളായതിനാല്‍  തന്നെ അവര്‍ക്കനുകൂലമായി വാര്‍ത്തകള്‍ മെനയുമ്പോഴും  സ്ത്രീയെ മോശമായി ചിത്രീകരിക്കുമ്പോഴും ഭൂരിപക്ഷത്തെ തൃപ്തിപ്പെടുത്താന്‍  ഇത്തരം വാര്‍ത്തകള്‍ക്കാവുന്നു  ...ഇത് വായിച്ചു പലര്‍ക്കും 'സ്ഘലനം' സംഭവിക്കുന്നുണ്ടോ എന്ന് വരെ ചിലരുടെ പ്രതികരണങ്ങള്‍ കാണുമ്പോള്‍ തോന്നിപ്പോകുന്നു.

യഥാര്‍ത്ഥത്തില്‍ എന്താണീ സദാചാരം  ? സദാ.. ചാരപ്പണി നടത്തിക്കൊണ്ടിരിക്കുക എന്നതാണോ ?